NEWSROOM

മരക്കഷണങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, തീയണയ്ക്കാൻ മറന്നുപോയി, 15,000 ഏക്കർ കാട് കത്തിയെരിഞ്ഞു, 19 കാരനെതിരെ കേസ്

ആസ്ബറി പാർക്കിനും അറ്റ്ലാന്റിക് സിറ്റിക്കും ഇടയിലുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് തീ ആളിപ്പടർന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ 50 ശതമാനം തീയും നിയന്ത്രണവിധേയമാക്കിയതായി ന്യൂജേഴ്‌സി ഫോറസ്റ്റ് ഫയർ സർവീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കാട്ടുതീ പടർന്നുവെന്ന വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. യുഎസിൽ അടുത്ത കാലത്തായി കാട്ടുതീയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനുഷ്യരുടെ അശ്രദ്ധ തന്നെയാണ് പലപ്പോഴും വലിയ തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ ന്യൂ ജേഴ്സിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


പൈൻലാൻഡ്‌സ് മേഖലയിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് 19 വയസുകാരനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.ഓഷ്യൻ കൗണ്ടിയിലെ ഗ്രീൻവുഡ് ഫോറസ്റ്റ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്റ് ഏരിയയിൽ ജോൺസ് റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് കാട്ടുതീ പടർന്ന് തുടങ്ങിയത്.ഇതിനകം 15,000 ഏക്കറാണ് കാട്ടുതീയിൽ കത്തിനശിച്ചത്.

19 -കാരനായ ജോസഫ് ക്ലിങ്ങ് ഇവിടെ മരക്കഷ്ണങ്ങൾ വച്ച് തീ കത്തിച്ച ശേഷം അത് ശരിയായ രീതിയിൽ അണയ്ക്കാതെ ഇവിടെ നിന്നും പോവുകയായിരുന്നു. ഇതോടെ തീ സമീപ പ്രദേശങ്ങളിലേക്ക് പടർന്നു.ആസ്ബറി പാർക്കിനും അറ്റ്ലാന്റിക് സിറ്റിക്കും ഇടയിലുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് തീ ആളിപ്പടർന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ 50 ശതമാനം തീയും നിയന്ത്രണവിധേയമാക്കിയതായി ന്യൂജേഴ്‌സി ഫോറസ്റ്റ് ഫയർ സർവീസ് അറിയിച്ചു.

ഓഷ്യൻ കൗണ്ടി നിവാസിയായ ക്ലിങ്ങിനെ ടൗൺഷിപ്പ് പൊലീസ് ആസ്ഥാനത്താണ് കസ്റ്റഡിയിലെടുത്തത്.പിന്നീട് ഇയാളെ ഓഷ്യൻ കൗണ്ടി ജയിലിലേക്ക് മാറ്റുകയും ചെയ്തു. തടങ്കൽ വാദം കേൾക്കുന്നതുവരെ ഇയാളെ അവിടെയാണ് പാർപ്പിക്കുക.ഇത്രയും വലിയ തീപിടിത്തത്തിന് കാരണമായതിനാണ് ക്ലിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.

2007 -ന് ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയായി ഇത് മാറുമെന്നാണ് വ്യാഴാഴ്ച പ്രോസിക്യൂട്ടർമാർ കാട്ടുതീയെ കുറിച്ച് പറഞ്ഞത്. 2007 -ൽ ന്യൂജേഴ്സിയിലുണ്ടായ കാട്ടുതീയിൽ 17,000 ഏക്കർ കാടാണ് കത്തിയെരിഞ്ഞത്.



SCROLL FOR NEXT