NEWSROOM

കാസര്‍ഗോഡ് ശസ്ത്രക്രിയക്കിടെ ഞരമ്പ് മാറി മുറിച്ച സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ഹെർണിയ ഓപ്പറേഷന് എത്തിയ 10 വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ചതിനെ തുടർന്ന് കുട്ടി തളർന്ന് പോയിരുന്നു

Author : ന്യൂസ് ഡെസ്ക്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്ടർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ സീനിയർ സർജൻ ഡോ. വിനോദ് കുമാറിനെതിരെയാണ് കേസെടുത്തത്. ഹെർണിയ ഓപ്പറേഷന് എത്തിയ 10 വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ചതിനെ തുടർന്ന് കുട്ടി തളർന്ന് പോയിരുന്നു.

അതേസമയം, ശസ്ത്രക്രിയ പിഴവ് അന്വേഷിക്കാൻ രൂപീകരിച്ച സമിതി അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കുക. സംഭവം വാർത്തയായതിനെ തുടർന്ന് ഡിഎംഒയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജനറൽ ആശുപത്രി സർജൻ, ഡിഎംഒ പ്രതിനിധി, ജില്ലാ ആശുപത്രി സൂപ്രണ്ട്. എന്നിവരടങ്ങിയതാണ് സമിതി.

ALSO READ: കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഞരമ്പ് മാറി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അന്വേഷണ സമിതി കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ പത്തു വയസുകാരനെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഒപ്പം മാതാപിതാക്കളിൽ നിന്ന് മൊഴിയെടുത്ത് റിപ്പോർട്ടുകളും പരിശോധിച്ചു. കൂടാതെ ഓപ്പറേഷൻ നടത്തിയ ഡോക്ടർ വിനോദിനെയും ഓപ്പറേഷൻ സമയത്ത് കൂടെ ഉണ്ടായിരുന്ന സ്റ്റാഫുകളേയും വിളിപ്പിച്ച് മൊഴിയെടുത്തു. 10 വയസുകാരന് തുടർ ചികിത്സ നൽകിയ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാവും ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുക.

SCROLL FOR NEXT