NEWSROOM

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ വേടൻ രണ്ടാം പ്രതി; ലഹരി ഉപയോഗം ഗൂഢാലോചന വകുപ്പുകൾ ചുമത്തി, കുരുക്കായി പുലിപ്പല്ലും

കഞ്ചാവിന്റെ അളവ് കുറവായതിനാൽ നടപടികൾ പൂർത്തിയാക്കി 9 പേർക്കും രാത്രിയോടെ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു. കഞ്ചാവ് കേസിൽ തന്നെ ആരും കുടുക്കിയതല്ലെന്നും കേസിൽ ഗൂഢാലോചനയൊന്നുമില്ലെന്നും വേടൻ പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ റാപ്പർ വേടൻ രണ്ടാം പ്രതി. ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്നാണ് FIR. അതെസമയം മാലയിലെ പുലിപ്പല്ല് കേസിൽ വേടനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി.

ഇന്നലെയാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയിൽ വേടനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.


ലഹരിക്കേസിനിടെ വേടന് കുരുക്കായി വന്നത് മാലയിലെ പുലിപ്പല്ലാണ്. മാലയിൽ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിൽ റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്. അതേസമയം ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ റാപ്പർ വേടൻ ഉൾപ്പെടെ 9 പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.


കഞ്ചാവിന്റെ അളവ് കുറവായതിനാൽ നടപടികൾ പൂർത്തിയാക്കി 9 പേർക്കും രാത്രിയോടെ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു. കഞ്ചാവ് കേസിൽ തന്നെ ആരും കുടുക്കിയതല്ലെന്നും കേസിൽ ഗൂഢാലോചനയൊന്നുമില്ലെന്നും വേടൻ പ്രതികരിച്ചു.

കഴുത്തിലുണ്ടായിരുന്ന മാലയിൽ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ്റെ മൊഴി. അഞ്ചുവയസ് പ്രായമുള്ള പുലിയുടെ പല്ലാണ് വേടൻ്റെ മാലയിൽ ഉള്ളതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്.

അതേസമയം പുലിയുടെ പല്ല് തന്നെയാണോ എന്ന് കണ്ടെത്താൻ DNA പരിശോധനയടക്കം നടത്തേണ്ടി വരും. വേടന് പുലി പല്ല് കൈമാറിയ ആളെ കണ്ടെത്തുന്നതടക്കമുള്ള വിശദമായ പരിശോധനയിലേക്ക് വനം വകുപ്പ് നീങ്ങും. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാടേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ റിമാൻ്റ് ചെയ്യാനാണ് സാധ്യത. തനിക്ക് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പിന്നീട് വിശദമായി പ്രതികരിക്കാമെന്നും വേടൻ പറഞ്ഞു.

ഇതിനിടെ വേടനെതിരെ ആയുധം കൈവശം വെച്ചതിന് പൊലീസ് കേസെടുക്കാൻ ശ്രമിച്ചുവെങ്കിലും പിന്നീട് പിൻമാറി. ഓൺലൈനിൽ നിന്ന് വാങ്ങിയ കൊടുവാളിന് സമാനമായ വസ്തു വേടൻ്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ആയുധം കൈവശം വെച്ചതിന് കേസെടുത്താൽ കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകും എന്ന നിയമോപദേശത്തെ തുടർന്നാണ് പൊലീസ് പിൻമാറ്റം.

SCROLL FOR NEXT