NEWSROOM

ബലാത്സംഗക്കേസ്: സിദ്ദീഖിനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പൊലീസ്; ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും

ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന മാസ്‌കോട്ട് ഹോട്ടലില്‍ നിന്നുള്ള തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്


സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലും അന്വേഷണ സംഘം ഇത് രേഖപ്പെടുത്തും.

ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അതിനാല്‍ സിദ്ദീഖില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനില്ലെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന മാസ്‌കോട്ട് ഹോട്ടലില്‍ നിന്നുള്ള തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു.


സിദ്ദീഖിനെതിരെ ഇനി ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിക്കേണ്ടതുണ്ട്. പരാതിക്കാരിയായ നടിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ട് ഇഷ്ടപ്പെട്ട ശേഷം 2014 മുതല്‍ അതുവഴി ചാറ്റ് ചെയ്ത് സിദ്ദീഖ് സൗഹൃദം സ്ഥാപിച്ചെന്നാണ് നടിയുടെ പരാതിയിലും പിന്നീട് നല്‍കിയ മൊഴിയിലും പറയുന്നത്. ഇത് സാധൂകരിക്കുന്നതടക്കം ചില ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. ഇവകൂടി ശേഖരിച്ചാല്‍ ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

SCROLL FOR NEXT