തൃശൂർ പൂരം കലക്കിയ സംഭവത്തിൽ പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം. ജനങ്ങൾ പൂരം കാണാതിരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിയതെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹി പി. ശശീന്ദ്രൻ ആരോപിച്ചു. പൂരം നടന്ന ദിവസം കമ്മീഷണർ അങ്കിത് അശോകൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു. ദേവസം ഭാരവാഹികൾ എന്തു പറഞ്ഞാലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പൊലീസ് കമ്മീഷണറുമായി പൂരം നടത്തിപ്പിനെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു, എന്നാൽ അതിനു വിപരീതമായ കാര്യങ്ങളാണ് നടന്നത്.
പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ മൂലമാണ് വെടിക്കെട്ട് നീണ്ടുപോയത്. പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നിബന്ധനകളും പ്രശ്നങ്ങളുമാണ് ഉണ്ടായത്. പൂരം വിളംബര സമയത്തും തെക്കോട്ടിറക്ക് സമയത്തും പൊലീസുമായി പ്രശ്നങ്ങളുണ്ടായി. പാറമേക്കാവ് ദേവസ്വത്തിന്റെ വെടിപ്പുരയുടെ ചാവി പൊലീസ് വാങ്ങിവെച്ചു. പൊലീസ് ഇടപെടലിനെ തുടർന്നാണ് വെടിക്കെട്ട് നടത്തേണ്ട എന്ന് ഇരു ദേവസ്വങ്ങളും തീരുമാനിച്ചത്.
പൂരം നടന്ന ദിവസം പത്തു മണി മുതൽ റൗണ്ട് മുഴുവൻ കെട്ടിയടച്ചു. ഗ്രൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല, തിരുവമ്പാടി ദേവസ്വത്തിലാണ് ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായത്. ദേവസം സെക്രട്ടറിയെ പോലും പൊലീസ് തടഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന നടന്നതായി സംശയമില്ല. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സുരേഷ് ഗോപിയും സുനിൽകുമാറും മുരളീധരനും വിളിച്ചു. സുരേഷ് ഗോപി നേരിട്ട് സംസാരിച്ചു എന്നത് ശരിയാണ്, വത്സൻ തില്ലങ്കേരിയും വന്നിരുന്നു. പൂരം മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.
അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ ഇതിൽ രാഷ്ട്രീയം ഇല്ലെന്നുള്ള കാര്യം വെളിച്ചത്ത് വരും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടന്നത്. പൊലീസ് അന്വേഷണം നടന്നിട്ടുണ്ട് എന്ന കാര്യത്തിൽ ഉറപ്പാണ്. പാറമേക്കാവ് ദേവസ്വം ഭാവനവാഹികളെ മുഴുവൻ വിളിച്ചു മൊഴിയെടുത്തു. എഡിജിപി നിയോഗിച്ച ഉദ്യോഗസ്ഥരാണ് നേരിട്ട് മൊഴിയെടുത്തത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു. ഉണ്ടായ മുഴുവൻ സംഭവങ്ങളെക്കുറിച്ച് മൊഴി നൽകി. എന്താണ് പൂരത്തിന് നടന്നതെന്ന് ജനങ്ങൾക്ക് അറിയണം. സംശയങ്ങൾ ദൂരീകരിക്കണം. എന്താണ് നടന്നതെന്ന് അറിയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും തിരുവമ്പാടി ദേവസ്വം ഭാരവാഹി പി. ശശീന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടന്നില്ലെന്ന വാദം തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും തള്ളിയിരുന്നു. യഥാർത്ഥ വസ്തുതകളും കാര്യങ്ങളും മൊഴി നൽകിയിട്ടുണ്ട്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അന്തരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയുടെ തെളിവ് പക്കലുണ്ട്. പൂര ദിവസം വനം വകുപ്പാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്നാണ് മനസിലാക്കുന്നതെന്നും സെക്രട്ടറി ആരോപിച്ചു.
അതേസമയം, തൃശൂർ പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായതായി എഡിജിപി അജിത്കുമാർ പറഞ്ഞു. ഒരാഴ്ചയ്ക്കകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും എഡിജിപി വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയും, മൊഴി രേഖപ്പെടുത്തിയിട്ടും ഉണ്ട്. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി രേഖപ്പെടുത്തിയെന്നും എഡിജിപി പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ് വിവരാവകാശ പ്രകാരം നൽകിയ മറുപടി പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണം പൂർത്തിയായതായി എഡിജിപി അറിയിച്ചിരിക്കുന്നത്.