NEWSROOM

കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടി; കണക്കുകളിൽ അന്വേഷണം ആരംഭിച്ച് പൊലീസ്, ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും

പരിപാടിയുടെ ഗുഡ്‌വിൽ അംബാസിഡർ എന്നതിനപ്പുറം സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

Author : ന്യൂസ് ഡെസ്ക്

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സാമ്പത്തിക ക്രമക്കേട് കേസിൽ നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യാൻ പൊലീസ്. സാമ്പത്തിക കണക്കുകൾ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ. സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകൾ പൊലീസ് പരിശോധിക്കുന്നു. പരിപാടിയുടെ ഗുഡ്‌വിൽ അംബാസിഡർ എന്നതിനപ്പുറം സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

പരിപാടിയ്ക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ടതാണ് ക്രമക്കേടുകൾ പുറത്തുവരാൻ കാരണമായത്. അന്വേഷണത്തെ തുടർന്ന് പിടിയിലായ സംഘാടകൻ മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാറിൻ്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും. ലഭിച്ച 4 കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു.

ദിവ്യ ഉണ്ണിക്കും പൂർണിമയ്ക്കും സിജോയ് വർഗീസിനും വിഹിതം നൽകി. GCDA യുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിൽ മൊഴിനൽകിയിരുന്നു.അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎ ആരോഗ്യസ്ഥിതി വീണ്ടെടുത്തു വരികയാണ്.


ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ദിവ്യ ഉണ്ണിയ്ക്കൊപ്പം 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, ഉമ തോമസ് എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.



SCROLL FOR NEXT