NEWSROOM

തൃശൂർ എടിഎം കവർച്ച; താണിക്കുടം പുഴയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ കണ്ടെത്തി

മോഷണം നടത്തിയ ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. തൃശൂര്‍ എസിപി സലീഷ് ശങ്കര്‍, ഈസ്റ്റ് സിഐ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

Author : ന്യൂസ് ഡെസ്ക്


തൃശൂർ എടിഎം കവർച്ച അന്വേഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിൽ കൂടുതൽ കണ്ടെത്തൽ. താണിക്കുടം പുഴയിൽ നടത്തിയ തെരച്ചിൽ ആയുധങ്ങൾ കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച ഗ്യാസ് കട്ടർ , എടിഎമ്മിൽ പണം നിറച്ചു വച്ചിരുന്ന ട്രേകൾ എന്നിവയാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് സ്കൂബാ ടീം ഒരു മണിക്കൂറോളമാണ് ആയുധങ്ങൾ കണ്ടെത്താൻ പുഴയിൽ തെരച്ചിൽ നടത്തിയത്

മോഷണം നടത്തിയ ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. തൃശൂര്‍ എസിപി സലീഷ് ശങ്കര്‍, ഈസ്റ്റ് സിഐ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.  ഹരിയാന പല്‍വാല്‍ സ്വദേശികളായ തെഹ്സില്‍ ഇര്‍ഫാന്‍, മുബാറക് ആദം, മുഹമ്മദ് ഇക്രാം, സാബിര്‍ ഖാന്‍, ഷൗക്കീന്‍ എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവര്‍ക്കെതിരെ കവര്‍ച്ചയ്ക്കു പുറമേ, സംഘടിത കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.

Also Read ; തൃശൂര്‍ എടിഎം കവര്‍ച്ച: ആന്ധ്ര-തെലങ്കാന പൊലീസും കേരളത്തില്‍; പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍

67 ലക്ഷം രൂപയാണ് സംഘം മൂന്നിടങ്ങളിലെ എടിഎമ്മുകളിൽ നിന്നായി കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍, നാമക്കലിലെ വേപ്പടിയില്‍ വെച്ച് പൊലീസ് പരിശോധനക്കായി പിടികൂടിയപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്റെ വെടിയേറ്റ് ജുമാലുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹായി ഹരിയാന സ്വദേശി ആസര്‍ അലി (30)യുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു.

രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്‌നര്‍ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായതാണ് സംഭവത്തിൽ വഴിത്തിരിവായത്. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തൃശൂരില്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും കണ്ടെയ്‌നറില്‍ നിന്ന് കണ്ടെത്തിയത്. പഴയ എടിഎം മെഷീനുകള്‍ വാങ്ങി പരിശീലനം നടത്തിയ ശേഷമാണ് ഇവര്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.

SCROLL FOR NEXT