NEWSROOM

ഉമ തോമസ് വീണ് പരുക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും; സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ്

അതേസമയം സ്‌റ്റേഡിയത്തില്‍ ഫയര്‍ ഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തി.

Author : ന്യൂസ് ഡെസ്ക്

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് എംഎല്‍എ ഉമ തോമസിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുമുണ്ട്.

അതേസമയം സ്‌റ്റേഡിയത്തില്‍ ഫയര്‍ ഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തി. വേദിയില്‍ നിന്നും 11 അടിയാണ് നീളം. വേദിയ്ക്ക് ഉണ്ടായിരുന്നത് രണ്ടര മീറ്റര്‍ വീതിയാണ്. രണ്ടര മീറ്റര്‍ വീതിയില്‍ രണ്ട് നിരകളായാണ് കസേരകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.

അതേസമയം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി. അപകടനില തരണം ചെയ്തുവെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലല്ലെന്നും ഡോ. കൃഷ്ണനുണ്ണി പറഞ്ഞു.

ഉമാ തോമസിന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. തലച്ചോറില്‍ ചെറിയ തോതില്‍ രക്തസ്രാവമുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തില്‍ നിന്നും അറിയാന്‍ സാധിച്ചതെന്ന് വീണ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തിയിരുന്നു. കൂടാതെ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.


SCROLL FOR NEXT