NEWSROOM

ജയിലിലെ വിഐപി പരിഗണന; ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബോബി ചെമ്മണ്ണൂരിനെതിരായ കേസില്‍ കൂടുതല്‍ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ബോബി ചെമ്മണ്ണൂരിന് എറണാകുളം കാക്കനാട്ടെ ജില്ലാ ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖല ഡിഐജി പി. അജയകുമാറിനും എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനുമാണ് സസ്‌പെന്‍ഷന്‍.

നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂരിനെതിരായ കേസില്‍ കൂടുതല്‍ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ബിഎന്‍എസ് 78-ാം വകുപ്പ് കൂടിയാണ് കൂട്ടിച്ചേര്‍ത്തത്. ഹണി റോസ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പ് ചേര്‍ത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായങ്ങള്‍ ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു. സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജി പി. അജയകുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.

ഡിഐജിക്ക് എതിരെ മൊഴി നല്‍കിയ 20 ജീവനക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുതിയ വെളിപ്പെടുത്തല്‍. അജയകുമാറിനൊപ്പം ജയിലിലെത്തിയ പവര്‍ ബ്രോക്കര്‍ തൃശൂര്‍ സ്വദേശി ബാലചന്ദ്രന്റെ സഹായത്തോടെയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നത്.

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ ഡിഐജിക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍ വഴിവിട്ട് സഹായിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. സൂപ്രണ്ട് ഓഫീസിലെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ ചെന്ന് കണ്ടതിന് ഡിഐജിയെ ജയില്‍ മേധാവി ശാസിച്ചിരുന്നു. പിന്നാലെ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണത്തില്‍ ഡിഐജി പി. അജയകുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി. കാക്കനാട് ജില്ലാ ജയിലില്‍ നേരിട്ട് എത്തിയാണ് വിശദീകരണം നല്‍കിയത്. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.

ജയിലില്‍ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം.

നടി ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി അറസ്റ്റിലായത്. നിരുപാധികം മാപ്പു പറഞ്ഞാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാല്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.


SCROLL FOR NEXT