രാജ്യത്തെ പ്രധാന ചർച്ചാ വിഷയമായ ഷാഹി ജുമാ മസ്‌ജിദ് തർക്കങ്ങളെ തുടർന്ന് സംഭലിലുണ്ടായ പ്രതിഷേധങ്ങളൊഴിയുന്നില്ല. സംഘർഷ ബാധിത മേഖല സന്ദർശിക്കാൻ ഇറങ്ങിയ കോൺഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാവ് അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ലക്‌നൗവിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞത്.
ഇവരെ പൊലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. തർക്ക പ്രദേശം സന്ദർശിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അജയ് റായിക്ക് ഇന്ന് രാവിലെ പൊലീസ് കത്ത് നൽകിയിരുന്നു. പൊലീസിൻ്റെ നിർദേശത്തെ അവഗണിച്ചാണ് അജയ് റായിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സംഭൽ സന്ദർശിക്കാനിറങ്ങിയത്.
മഹാത്മാ ഗാന്ധിയുടെ പിൻഗാമികളായതിനാൽ സമാധാന മാർഗത്തിൽ ധർണ നടത്തുമെന്നും പൊലീസിൻ്റെ അനുമതി ഇല്ലാതെ മുന്നോട്ട് പോകില്ലെന്നും അജയ് റായ് പറഞ്ഞു. അക്രമം നടന്ന സ്ഥലത്തേക്ക് നേതാക്കൾ പോകുന്നത് തടയാനുള്ള പൊലീസിൻ്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭലിൽ നിഷ്പക്ഷമായ, സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും എന്ത് വില കൊടുത്തും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേശ് പാഠക് പറഞ്ഞു.
അതേസമയം വർഗീയ സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി ജമാ മസ്ജിദിൽ ജുഡീഷ്യൽ സംഘം തെളിവെടുപ്പ് നടത്തി.അഞ്ച് പേർ കൊല്ലപ്പെട്ട അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സംഘം എത്തിയത്. സർക്കാർ നിർദേശപ്രകാരം മൂന്ന് ജുഡീഷ്യൽ സമിതിയാണ് അതിക്രമം അന്വേഷിക്കുന്നത്. പ്രദേശത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് സംഭലിലെ ഷാഹി ജമാ മസ്ജിദിൽ കോടതി സർവെയെ തുടർന്ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സർവേ നടത്താനെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും 5 പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുഗൾ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രം തകർത്ത് ബാബർ, പള്ളി നിർമിച്ചുവെന്നാണ് ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുസംഘടനാ ബന്ധമുള്ള അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേർ ഹർജി സമർപ്പിച്ചിരുന്നു. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണസമിതി നിയമവിരുദ്ധമായി സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.
പള്ളിയുടെ പടികളിൽ സ്റ്റീൽ റെയിലിംഗ് സ്ഥാപിച്ചതിന് നേരത്തെ എഎസ്ഐ മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിക്കെതിരെ എഫ്ഐആർ നേരത്തെ ഫയൽ ചെയ്തിരുന്നു. പള്ളി എഎസ്ഐ യുടെ സംരക്ഷണത്തിലായിരിക്കെ നിയന്ത്രണം പാലിക്കുന്നതിൽ പള്ളിക്കമ്മിറ്റി വീഴ്ച്ച വരുത്തിയെന്ന് എഎസ്ഐയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച യുപിയിലെ പ്രാദേശിക സിവിൽ കോടതിയാണ് സർവേയ്ക്ക് ഉത്തരവിട്ടത്.
ഉത്തരവിന് മണിക്കൂറുകൾക്കകം കമ്മീഷണർ സർവേ നടത്താൻ എത്തിയതോടെയാണ് സംഘർഷമുണ്ടാകുകയും വിശ്വാസികൾ കൊല്ലപ്പെടുകയുമുണ്ടായത്.