NEWSROOM

ലൈംഗികാതിക്രമ പരാതി: AMMA ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന; എത്തിയത് പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിലെ നടന്മാർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ അമ്മ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനായിരുന്നു പരിശോധന എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് ഓഫീസിൽ എത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താൻ ആയിരുന്നു പരിശോധനയെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസിൽ പരിശോധന നടത്തുന്നത്.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി ഇന്ന് രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. റിപ്പോർട്ടിൽ ശക്തമായ അന്വേഷണം നടക്കുകയാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെ നിലനിൽക്കാൻ പറ്റുന്ന രംഗമല്ല അത്. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ആത്യന്തികമായി സിനിമ നിലനിൽക്കണമെന്നും മമ്മൂട്ടി കുറിപ്പിൽ പറയുന്നു.

SCROLL FOR NEXT