NEWSROOM

സ്ത്രീത്വത്തെ അപമാനിച്ചു; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്

ചാനല്‍ ചർച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുൽ ഈശ്വർ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ പരാതി

Author : ന്യൂസ് ഡെസ്ക്

നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്.

ചാനല്‍ ചർച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുൽ ഈശ്വർ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. രാഹുൽ ഈശ്വറിനെതിരെ മുൻപും ഹണി റോസ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്. താനും കുടുംബവും അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് ഈ പരാതി നൽകുന്നതിന് മുൻപ് ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഇതിനു നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

നടിയുടെ  ആദ്യ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് പരാതിയിൽ കേസെടുത്തിരുന്നില്ല. ഇതിന് പിന്നാലെയും തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. 

SCROLL FOR NEXT