പ്രതീകാത്മക ചിത്രം 
NEWSROOM

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി; ആലപ്പുഴയിൽ ഡോക്ടർക്കെതിരെ കേസെടുത്തു

കരുവാറ്റ ദീപ ആശുപത്രിയിലെ ഡോക്ടർ വിജയകുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴ കരുവാറ്റയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെ പ്രതി ചേർത്ത് കേസെടുത്ത് ഹരിപ്പാട് പൊലീസ്. കരുവാറ്റ ദീപ ആശുപത്രിയിലെ ഡോക്ടർ വിജയകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ മാസം രണ്ടാം തീയതിയാണ് കുമാരപുരം പൊത്തപ്പള്ളി സ്വദേശി രജിൻ്റെ ഭാര്യയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

പ്രസവവേദനയെ തുടർന്നായിരുന്നു യുവതിയെ കരുവാറ്റ ദീപ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാം തീയതി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ ശക്തമായ വേദന അനുഭവപ്പെടുകയും വിവരം യുവതി ഡോക്‌ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് സാധരണമാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

ALSO READ: പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞിക്കെട്ട് തുന്നിച്ചേർത്തു; സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്

ഓഗസ്റ്റ് 16ന് വണ്ടാനം മെഡിക്കൽ കോളജിൽ വെച്ചാണ് വയറ്റിൽ കത്രിക കുടുങ്ങിയെന്ന വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കത്രിക തിരിച്ചെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. വയറിൽ അണുബാധ ഉണ്ടായതോടെ കുടലിൻ്റെ ഒരു ഭാഗവും മുറിച്ച് മാറ്റേണ്ടി വന്നു.

യുവതി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി പിന്നീടാണ് രജിൻ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പൊലീസ് ഡോക്ടർക്കെതിരെ കേസെടുക്കുകയായിരുന്നു.

രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവാണ് ഉണ്ടായതെന്നും ശസ്ത്രക്രിയാ മുറിയിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഖത്തറിൽ ജോലി ചെയ്യുന്ന രജിൻ അടിയന്തര അവധിയെടുത്താണ് നാട്ടിൽ എത്തിയത്. 10 ദിവസത്തെ ലീവ് കഴിഞ്ഞതോടെ രജിന്റെ ജോലിയുടെ കാര്യവും ആശങ്കയിൽ തുടരുകയാണ്. സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിനും ആരോഗ്യവകുപ്പിനും യുവതിയുടെ ബന്ധുക്കൾ പരാതിനൽകിയിട്ടുണ്ട്.

SCROLL FOR NEXT