പൊലീസ് മാധ്യമങ്ങള്‍ക്ക് യാത്രാ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നുവെന്ന നടന്‍ സിദ്ദീഖിന്‍റെ പരാതി തള്ളി പൊലീസ്. പ്രതി കുറ്റാരോപിതൻ ആയതിനാൽ പൊലീസ് നിരീക്ഷണം സ്വാഭാവികമാണ്. ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഒളിവിൽ പോയതിനാൽ സിദ്ദീഖ് ഇനിയും നിയമത്തിന്റെ മുന്നിൽനിന്ന് മുങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം. നടപടി നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസാണെന്ന് ആരോപിച്ച് സിദ്ദീഖ് രംഗത്തെത്തിയിരുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പൊലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിദ്ദീഖ് പരാതി നല്‍കിയിരുന്നു.
ബലാത്സംഗ കേസിൽ സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. ഡിജിറ്റൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ലെന്നും ബാങ്ക് രേഖകൾ മാത്രമാണ് നൽകിയതെന്നും അന്വേഷണ സംഘം പറഞ്ഞു.