NEWSROOM

എഡിഎമ്മിൻ്റെ മരണം: പി. പി. ദിവ്യക്കെതിരെ കേസെടുത്തു; ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി

ആത്മഹത്യാ പ്രേരണയ്ക്ക് വഴിവെച്ചത് ദിവ്യയുടെ പ്രസംഗമാണെന്നും, ആത്മഹത്യാ പ്രേരണകുറ്റം ദിവ്യയുടെ പേരിൽ നിലനിൽക്കുമെന്നുമാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി.പി. ദിവ്യയെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദിവ്യയ്ക്കുമേൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് നിയമോപദേശം ലഭിച്ചതിനു പിറകെ ആത്മഹത്യാ പ്രേരണാകുറ്റം കൂടി ചുമത്തുകയായിരുന്നു. യാത്രയപ്പ് ചടങ്ങിനെത്തുന്നതുവരെ നവീൻ ബാബുവിന് ഔദ്യോഗികമായോ, വ്യക്തിപരമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണയ്ക്ക് വഴിവെച്ചത് ദിവ്യയുടെ പ്രസംഗമാണെന്നും, ആത്മഹത്യാ പ്രേരണകുറ്റം ദിവ്യയുടെ പേരിൽ നിലനിൽക്കുമെന്നുമാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്.

ഈ മാസം 15 ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT