siddique 
NEWSROOM

'ദുരൂഹതകളൊന്നുമില്ല'; സിദ്ദീഖ് കാപ്പന്റെ വീട്ടിലെ പാതിരാ പരിശോധനാ അറിയിപ്പ് സാധാരണ നീക്കമെന്ന് പൊലീസ്

താന്‍ ജാമ്യം കിട്ടി ജയില്‍ മോചിതനായി വീട്ടില്‍ എത്തിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാര്യം ഉണ്ടാകുന്നതെന്നാണ് സിദ്ദീഖ് കാപ്പന്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്


മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ പൊലീസുകാരെത്തി അര്‍ധരാത്രി പരിശോധനയുണ്ടാകുമെന്ന് അറിയിച്ചത് സാധാരണ നീക്കം മാത്രമെന്ന് പൊലീസ്. രാജ്യദ്രോഹ കുറ്റം അടക്കം ഉള്‍പ്പെടെ ചുമത്തിയിട്ടുള്ള, കോടതി നടപടി തുടരുന്ന ഒരു വ്യക്തിയെക്കുറിച്ച്, വീട്ടിലുണ്ടോ എന്നതടക്കം അന്വേഷിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വാദം.

നടപടിയില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ ചിത്രീകരിക്കേണ്ടതില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പക്ഷെ ഇതൊരു അസാധാരണ നീക്കമാണെന്ന് സിദ്ദീഖ് കാപ്പന്‍ അറിയിച്ചിരുന്നു. താന്‍ ജാമ്യം കിട്ടി ജയില്‍ മോചിതനായി വീട്ടില്‍ എത്തിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാര്യം ഉണ്ടാകുന്നതെന്നാണ് സിദ്ദീഖ് കാപ്പന്‍ പറയുന്നത്.

നേരത്തെ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടിയിരുന്നത് എല്ലാ തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം എന്നായിരുന്നു. അത് തുടര്‍ന്ന് പോന്നിരുന്നു. ഇപ്പോള്‍ അതിലും ഇളവ് വരുത്തി താനിപ്പോള്‍ സ്വതന്ത്രനായി വീട്ടില്‍ തന്നെയുണ്ടെന്നും കാപ്പന്‍ പ്രതികരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ അര്‍ഥത്തിലും സഹകരിക്കുന്നതിനിടയില്‍ അര്‍ധരാത്രി വീട്ടില്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്നും പറയുന്നതിലാണ് സംശയമെന്നാണ് കാപ്പന്‍ പറയുന്നത്. ഭയപ്പെടുത്താനുള്ള ശ്രമം ആണെങ്കില്‍ തനിക്ക് ഇപ്പോള്‍ അത്തരത്തില്‍ ഒരു ഭയമില്ലെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാര്‍ വീട്ടില്‍ വന്നുവെന്നും അര്‍ധരാത്രി പരിശോധനയുണ്ടാകുമെന്ന് അറിയിച്ചുവെന്നും കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് ആണ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയില്ല. പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് റൈഹാന പറഞ്ഞു. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ പറഞ്ഞപോലെ അര്‍ധരാത്രിയില്‍ പൊലീസ് എത്തിയില്ലെന്നും റൈഹാന പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നടക്കുന്ന കേസുകളില്‍ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ടെന്ന് റൈഹാന അറിയിച്ചു. നോട്ടീസ് കൊടുത്താലോ ഫോണ്‍ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ കാപ്പനോ തനിക്കോ യാതൊരു മടിയുമില്ലെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ലെന്നും റൈഹാന ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ യുഎപിഎ കേസുകളില്‍ ജാമ്യത്തിലാണ് സിദ്ദീഖ് കാപ്പന്‍.


SCROLL FOR NEXT