NEWSROOM

"60ലേറെ CCTV ദൃശ്യങ്ങൾ പരിശോധിച്ചു, പ്രതികളെ പിടികൂടാൻ സഹായിച്ചത് ചെരുപ്പ്"; കോഴിക്കോട് കസബ സിഐ കിരൺ സി. നായർ

15കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ചാലപ്പുറത്ത് 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ പിടികൂടാൻ സഹായിച്ചത് ചെരുപ്പെന്ന് പൊലീസ്.  പ്രദേശത്ത് നിന്നും ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ സഹായിച്ചത്. സംഭവം ഏറെ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും ടൗണിലും പരിസരത്തും അതിരാവിലെയും രാത്രിയിലും പെട്രോളിങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കസബ സിഐ കിരൺ സി. നായർ പറഞ്ഞു. ഫൈസൽ അൻവർ (36), ഹിമാൻ അലി (18 ) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിൻ്റെ പിടിയിലായത്.


കഴിഞ്ഞ ഏപ്രിൽ 28നാണ് സംഭവം നടക്കുന്നത്. വൈകീട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. വലിച്ചിഴച്ചു കൊണ്ടുപോയ പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതിക്രമം നടന്ന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 29നാണ് കോഴിക്കോട് കസബ സ്റ്റേഷനിൽ കുട്ടിയുടെ മാതാപിതാക്കൾ ഇത് സംബന്ധിച്ച് പരാതി നൽകിയത്. 60ൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി കസബ സി ഐ പറയുന്നു. പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചെരുപ്പാണ് പ്രതികളെ പിടികൂടാൻ സാഹായിക്കുന്നത്. ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പിടികൂടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വിദഗ്ദ പരിശോധനയ്ക്ക് വിധേയരാക്കി.

SCROLL FOR NEXT