NEWSROOM

എറണാകുളത്തെ ആക്രിക്കടയിലെ തീപിടിത്തം: ഫയര്‍ ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്

അതേസമയം തീപിടിത്തതിന്റെ കാരണം ഫോറന്‍സിക് പരിശോധനയിലൂടെയേ വ്യക്തമാകൂ എന്നും ഫയര്‍ ഫോഴ്‌സ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആക്രിക്കടയിലെ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ഫയര്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്.

പുറകിലെ ഭാഗത്ത് നിന്നുമാണ് തീപടര്‍ന്നതെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം തീപിടിത്തതിന്റെ കാരണം ഫോറന്‍സിക് പരിശോധനയിലൂടെയേ വ്യക്തമാകൂ എന്നും ഫയര്‍ ഫോഴ്‌സ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ആക്രിക്കടയിലെ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

തീപിടിത്തത്തില്‍ ഗോഡൗണിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേന തീയണച്ചത്. ആക്രിക്കടയില്‍ ഉണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അഗ്‌നിബാധയെ തുടര്‍ന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.

ആക്രിക്കടയുടെ സമീപത്തുള്ള മറ്റ് ഇടങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT