NEWSROOM

എന്‍ജിഒ യൂണിയന്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് ജോലി തടസ്സപ്പെടുത്തിയെന്ന കോഴിക്കോട് എഡിഎമ്മിന്റെ പരാതി; കേസെടുത്ത് പൊലീസ്

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Author : ന്യൂസ് ഡെസ്ക്


എന്‍ജിഒ യൂണിയന്‍ ജീവനക്കാര്‍ ആറ് മണിക്കൂര്‍ തടഞ്ഞുവെച്ച് ജോലി തടസ്സപ്പെടുത്തിയെന്ന കോഴിക്കോട് എഡിഎം മുഹമ്മദ് റഫീഖിന്റെ പരാതിയില്‍ കേസ് എടുത്ത് പൊലീസ്. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടില്‍, കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കും എതിരെയാണ് നടക്കാവ് പൊലീസ് കേസ് എടുത്തത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. റവന്യൂ വകുപ്പിന് കീഴിലെ എട്ട് ജീവനക്കാരുടെ ചുമതല മാറ്റി നിയമിച്ചതില്‍ ആണ് എഡിഎമ്മിനെതിരെ പ്രതിഷധം ഉണ്ടായത്. കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ചപ്പോഴും പ്രതിഷേധം മൂലം എഡിഎമ്മിന് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല.

വൈകുന്നേരം അഞ്ചര മുതല്‍ ഓഫീസില്‍ തടഞ്ഞുവെക്കുകയും മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് എഡിഎമ്മിന്റെ പരാതി. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിഎമ്മിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്.

വെള്ളിയാഴ്ചയാണ് എഡിഎം പരാതി നല്‍കിയത്. ശനിയാഴ്ച പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥലം മാറ്റിയിരിക്കുന്ന എട്ട് പേരില്‍ ആറ് പേരും അപേക്ഷ തന്നത് പ്രകാരമാണ് സ്ഥലം മാറ്റിയതെന്നാണ് എഡിഎം പൊലീസിന് നല്‍കിയ മൊഴി.


SCROLL FOR NEXT