വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് വൈകീട്ട് പൊലീസിന്റെ അടിയന്തര യോഗം ചേരും. പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സിഐമാരടങ്ങുന്ന സംഘത്തിൻറെതാണ് യോഗം. യോഗത്തിന് ശേഷമായിരിക്കും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
അഫാനെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നെടുമങ്ങാട് കോടതിയിലാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. എട്ടുദിവസത്തിനുശേഷം ആശുപത്രിവിട്ട അഫാനെ ജയിലിലേക്ക് മാറ്റിയിരുന്നു.
കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൊലപാതകങ്ങള്‍ നടന്ന വീടുകളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകളോടെയായിരിക്കും തെളിവെടുപ്പ്. കൊലപാതകങ്ങളിലേക്ക് നയിച്ചസാമ്പത്തിക ബാധ്യതയ്ക്ക് അമ്മ ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കടബാധ്യത മൂലമാണ് കൂട്ടക്കൊല നടത്തിയതെന്നായിരുന്നു അഫാന്റെ മൊഴി. എന്നാല്‍ പിതാവ് അബ്ദുല്‍ റഹീം ഈ വാദം തള്ളി. പ്രതിക്ക് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പിതാവിന്റെ പ്രതികരണം.
പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും പിതാവ് പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അബ്ദുല്‍ റഹീം സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇഖാമ കാലാവധി അവസാനിച്ചിരുന്നെങ്കിലും രണ്ടരവര്‍ഷമായി യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം, കൊലപാതക ശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അഫാന്റെ മാതാവ് ഷെമി കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി ആവര്‍ത്തിക്കുകയാണ്. മജിസ്ട്രേറ്റിന് നല്‍കിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകന്‍ ആക്രമിച്ചത് ഷെമി മറച്ചുവെക്കുകയാണ് ഉണ്ടായത്. കന്‍ കൂട്ടക്കൊല നടത്തിയത് ഷെമി അറിഞ്ഞിട്ടില്ല.തന്നെ മാത്രം ആക്രമിച്ചു എന്നാണ് ധാരണയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഫെബ്രുവരി 24നാണ് കേരളത്തെ നടുക്കിയകൊലപാതക വിവരം പുറത്തുവന്നത്. സഹോദരന്‍ അഫ്‌സാന്‍, ഉപ്പയുടെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫര്‍ഷാന എന്നിവരെയാണ് പ്രതി അഫാന്‍ കൊല്ലപ്പെടുത്തിയത്. പുല്ലംപാറ, പാങ്ങോട്,ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരന്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.