NEWSROOM

എഡിഎമ്മിൻ്റെ മരണത്തിൽ മൊഴിയെടുപ്പ് തുടരും; രേഖപ്പെടുത്തുക വിവാദയോഗത്തിൽ പങ്കെടുത്തവരുടെ മൊഴി

കേസ് തളിപ്പറമ്പ് സബ് ഡിവിഷണൽ കോടതിയിൽ നിന്നും കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും അപേക്ഷ നൽകും

Author : ന്യൂസ് ഡെസ്ക്


എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. യാത്രയയപ്പുമായി ബന്ധപ്പെട്ട വിവാദ യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. കേസ് തളിപ്പറമ്പ് സബ് ഡിവിഷണൽ കോടതിയിൽ നിന്നും കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും അപേക്ഷ നൽകും. ഇതിന് ശേഷം ദിവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

യോഗത്തിൽ ജില്ലാ കളക്ടറുടെ ഉൾപ്പെടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിനായി പൊലീസ് അനുമതി തേടും. ജില്ലാ കളക്ടർക്കെതിരെ അന്വേഷണം വേണമെന്ന് സിപിഐഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറാണ് ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നുമാണ് മോഹനൻ്റെ ആരോപണം. സിപിഐഎം ഭരിക്കുമ്പോൾ തന്നെ ഇങ്ങനെയൊരു കാര്യം ഉണ്ടാകുന്നത് ഗുരുതരമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ALSO READ: "പി.പി. ദിവ്യയുടെ രാജിയിൽ ആശ്വാസം, അധികാരസ്ഥാനം ഒഴിയുന്നതോടെ സ്വാധീനം കുറയുമെന്ന് പ്രതീക്ഷ"; നവീൻ ബാബുവിൻ്റെ സഹോദരൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ദിവ്യയെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ മുൻ‌കൂർ ജാമ്യത്തിന് പി.പി. ദിവ്യ ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്നുമാണ് റിപ്പോർട്ട്.

SCROLL FOR NEXT