NEWSROOM

മാനസിക സമ്മർദ്ദവും ഭയവും താങ്ങാനാവുന്നില്ല; കൂട്ടത്തോടെ സ്ഥലമാറ്റം ആവശ്യപ്പെട്ട് മട്ടന്നൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍

ദേശാഭിമാനി ലേഖകനെ മര്‍ദിച്ചെന്ന പരാതിയില്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു

Author : ന്യൂസ് ഡെസ്ക്


കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷകൾ നൽകി കണ്ണൂർ മട്ടന്നൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. മാനസിക സമ്മർദ്ദവും ഭയവും താങ്ങാനാകുന്നില്ലെന്നും മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഒമാർ അപേക്ഷ നൽകിയത്.

കഴിഞ്ഞ ദിവസം ദേശാഭിമാനി ലേഖകനെ മര്‍ദിച്ചെന്ന പരാതിയില്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഒരു സീനിയർ സിപിഒ, നാല് സിപിഒമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസുകാർക്കെതിരെ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു.

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദനമേറ്റതെന്ന് ദേശാഭിമാനി ലേഖകൻ ആരോപിച്ചിരുന്നു. പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നാണ് ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് മർദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ സംഭവസ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയവരെ സ്റ്റേഷനിലെത്തിക്കുന്നതിനായി മേലുദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റിയ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തെന്ന് സ്ഥലമാറ്റ അപേക്ഷയില്‍ പൊലീസുകാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടും ആത്മാര്‍ഥമായി ജോലി ചെയ്തു വരുന്ന പൊലീസുകാരെ സ്ഥലം മാറ്റിയതില്‍ നിലവില്‍ മട്ടന്നൂര്‍ സ്റ്റേഷനില്‍ ജോലിചെയ്തു വരുന്ന സേനാംഗം എന്ന നിലയില്‍ കഠിനമായ മാനസിക സമ്മര്‍ദം നേരിടുന്നതായി പൊലീസുകാര്‍ പറയുന്നു.

SCROLL FOR NEXT