NEWSROOM

എം.എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി; അംഗീകരിച്ച് പോളിറ്റ് ബ്യൂറോ

കേരള ഘടകത്തിന്റേയും പ്രകാശ് കാരാട്ടിന്റേയും പിന്തുണയോടെയാണ് എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി ആയി എം.എ ബേബിയെ അംഗീകരിച്ചു. എം.എ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നിര്‍ദേശം പോളിറ്റ് ബ്യൂറോ അംഗീകരിക്കുകയായിരുന്നു. കേരള ഘടകത്തിന്റേയും പ്രകാശ് കാരാട്ടിന്റേയും പിന്തുണയോടെയാണ് എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധവ്‌ലെയുടെ പേരാണ് എം.എ ബേബിക്കൊപ്പം ഉയര്‍ന്നു കേട്ടിരുന്നത്.

മഹാരാഷ്ട്രയുടേയും ബംഗാളിന്റേയും പഞ്ചാബിന്റേയും പിന്തുണ അശോക് ധവ്‌ലെക്കായിരുന്നു. ഇന്നലെ നടന്ന പിബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആരാകും എന്നതു സംബന്ധിച്ച് അന്തിമ ധാരണയായിരുന്നില്ല. കേരളവും ബംഗാളും തമ്മില്‍ ഒന്നരമണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് എം.എ. ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയാക്കാന്‍ പിബി തീരുമാനിച്ചത്.

ഇ എംഎസിനു ശേഷം ജനറല്‍ സെക്രട്ടറി പദവയില്‍ എത്തുന്ന ആദ്യ മലയാളിയാണ് എം.എ ബേബി. ഇ എം എസ്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി. ഈ നാലു ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എംഎ ബേബിയുടെ കൈമുതല്‍.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമായ ഇന്ന് ജനറല്‍ സെക്രട്ടറിക്കു പുറമേ, പുതിയ കേന്ദ്ര കമ്മിറ്റിയേയും പോളിറ്റ് ബ്യൂറോയേയും തീരുമാനിക്കും. നിലവിലെ കേന്ദ്ര കമ്മിറ്റി രാവിലെ യോഗം ചേര്‍ന്നാണ് പുതിയ പാനല്‍ അവതരിപ്പിക്കുക. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെ പൂര്‍ത്തിയായ ചര്‍ച്ചയിലുള്ള മറുപടിയും ഇന്നുണ്ടാകും. സമാപനത്തിന്റെ ഭാഗമായി റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ട് നടക്കും.

ഇ.പി. ജയരാജനും പോളിറ്റ് ബ്യൂറോയിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. പിബിയില്‍ കേരളത്തില്‍ നിന്നും വിജു കൃഷ്ണന്‍ ഇടം നേടും. നിലവില്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ അംഗമാണ് വിജു കൃഷ്ണന്‍. യു. വാസുകി, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയില്‍ എത്തും. തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖവും പിബിയില്‍ എത്താന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. അതേസമയം. പ്രകാശ് കാരാട്ട് അടക്കം ആറു പേര്‍ പിബിയില്‍ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. ബൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും.

SCROLL FOR NEXT