NEWSROOM

തൃശൂർ പൂരം കലക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന; അന്വേഷണ റിപ്പോർട്ട് പറത്തുവിടണം; ആരോപണങ്ങളുമായി വി. എസ്. സുനില്‍ കുമാർ

പൊലീസ് ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, എഡിജിപി എം.ആർ. അജിത് കുമാറിന് അതിൽ പങ്കുണ്ടോ എന്നറിയില്ല

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ വി. എസ്. സുനില്‍ കുമാർ. അനിഷ്ട സംഭവങ്ങളുടെ പിന്നിൽ അന്നത്തെ കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും സുനില്‍കുമാർ ആരോപിച്ചു.

പൊലീസ് ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, എഡിജിപി എം. ആർ. അജിത് കുമാറിന് അതിൽ പങ്കുണ്ടോ എന്നറിയില്ല. രാഷ്ട്രീയ ലക്ഷ്യം ഇക്കാര്യത്തിൽ ഉണ്ടായിരുന്നുവെന്നും സുനില്‍ കുമാർ പറഞ്ഞു. പൂരത്തിനിടെയുണ്ടായ തർക്കങ്ങൾ കൈകാര്യം ചെയ്തതിൽ പൊലീസിന് പാളിച്ച പറ്റി.

പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒരുമാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ആ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍‌കും.

തൃശൂരിലെ ജനങ്ങള്‍ സത്യം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും മുന്‍ മന്ത്രി പറഞ്ഞു. പൂരം കലക്കാൻ നേതൃത്വം നൽകിയവർ ആരായാലും ആ വിവരം പുറത്തുവരണം. പൂരം അലങ്കോലപ്പെട്ടതോടെ താൻ ഇരയാക്കപ്പെട്ടുവെന്നും സുനില്‍ കുമാർ കൂട്ടിച്ചേർത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തില്‍ വി. എസ്. സുനില്‍കുമാർ തോല്‍ക്കാന്‍ കാരണം എഡിജിപി എം. ആർ അജിത് കുമാറിന്‍റെ ഇടപെടല്‍ കാരണമാണെന്ന് പി. വി അന്‍വർ എംഎല്‍എ ആരോപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. സുനില്‍ കുമാറിന് അനുകൂലമായ മണ്ഡലം പൂരം കലക്കി സുരേഷ് ഗോപിക്ക് അനുകൂലമാക്കി എന്നായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്.



SCROLL FOR NEXT