പത്മനാഭന്‍, ശെല്‍വകുമാര്‍ 
NEWSROOM

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ടു പേർ

ശെല്‍വകുമാര്‍ ബിജെപിയുടെ ജില്ലാ സഹകരണ വിഭാഗം പ്രസിഡന്‍റാണ്. ഒരു കൊലക്കേസിലെ പ്രതിയുമാണ് ശെല്‍വകുമാര്‍

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതില്‍ ഒന്ന് നടന്നിരിക്കുന്നത് തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന പുതുച്ചേരിയിലാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയിലെ ബിജെപി പ്രവര്‍ത്തകന്‍ ശെല്‍വകുമാറിനെ ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുതുച്ചേരി കടലൂര്‍ ജില്ലയിലെ എഐഎഡിഎംകെ വാര്‍ഡ് സെക്രട്ടറി പത്മനാഭനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

ശെല്‍വകുമാര്‍ ബിജെപിയുടെ ജില്ലാ സഹകരണ വിഭാഗം പ്രസിഡന്‍റാണ്. ഒരു കൊലക്കേസിലെ പ്രതിയുമാണ് ശെല്‍വകുമാര്‍. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുതുച്ചേരി എഐഎഡിഎംകെ നേതാവ് പത്മനാഭനെ മോട്ടര്‍ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ അക്രമിസംഘം കാറില്‍ വന്ന് ഇടിച്ചിട്ടശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

തമിഴ്‌നാട്ടില്‍ കഴിഞ്ഞ മാസം മാത്രം മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ്ങിനെ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

തുടര്‍ന്നും സംഭവിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ചെന്നൈ പൊലീസ് തലവനെയും ആഭ്യന്തര സെക്രട്ടറിയെയും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍.

SCROLL FOR NEXT