പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തിൽ കരി ഓയിൽ കമ്പനിക്കെതിരെ കേസെടുത്ത് എറണാകുളം ബിനാനിപുരം പൊലീസ്. എടത്തല നൊച്ചിമ സ്വദേശി ഷബീറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എടയാർ സിജി ലൂബ്രിക്കൻ്റ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ കമ്പനിയിൽ നിന്നും ഓയിൽ കലർന്ന മലിനജലം ഭൂഗർഭ പൈപ്പുവഴി പെരിയാറിലേക്ക് ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാർ ഉടൻ പിസിബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച ശേഷം വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലൂടെ സിജി ലൂബ്രിക്കൻ്റ് കമ്പനിയിൽ നിന്നുമാണ് മാലിന്യം ഒഴുക്കിയതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ജീവന് ഹാനികരമാകുന്ന രീതിയിൽ അണുബാധ പടർത്താൻ ശ്രമിക്കുക (IPC269), പൊതു ജലസ്രോതസ് മലിനമാക്കുക (IPC 277) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 20നാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അന്ന് തന്നെ വ്യക്തമായിരുന്നു.