പൂജ ഖേഡ്ക്കര്‍, സുഹാസ് ദിവാസെ 
NEWSROOM

പൂനെ കലക്ടര്‍ക്കെതിരെ പരാതിയുമായി പൂജ ഖേഡ്ക്കര്‍ ഐഎഎസ്

കഴിഞ്ഞ ആഴ്ചയാണ് കലക്ടര്‍ ഓഫീസിലെ ഒരു വ്യക്തിയുമായി പൂജ നടത്തിയ വാട്‌സപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിവാസെ പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

വിവാദ ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജ ഖേഡ്ക്കര്‍ പൂനെ കലക്ടര്‍ സുഹാസ് ദിവാസെക്കെതിരെ പരാതി നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍.

മഹാരാഷ്ട്രയിലെ വാഷിം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് വനിത ഉദ്യോഗസ്ഥരുമായി ഇന്നലെ പൂജ കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുമായി ഏകദേശം രണ്ട് മണിക്കൂര്‍ പൂജ സംസാരിച്ചിരുന്നു. ചില കാര്യങ്ങള്‍ എന്നതില്‍ കവിഞ്ഞ് ചര്‍ച്ചയുടെ വിഷയം എന്തായിരുന്നുവെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് പൂജ പരാതി നൽകിയത്.

കഴിഞ്ഞ ആഴ്ചയാണ് കലക്ടര്‍ ഓഫീസിലെ ഒരു വ്യക്തിയുമായി പൂജ നടത്തിയ വാട്‌സപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിവാസെ പുറത്തുവിട്ടിരുന്നു. പൂജ സര്‍ക്കാര്‍ കാറിനെപ്പറ്റിയും തന്റെ ഓഫീസിനെപ്പറ്റിയും അന്വേഷിക്കുന്ന സംഭാഷണങ്ങളാണിവ. എന്നാല്‍ പരിശീലനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കാറില്ല. തിങ്കളാഴ്ച ഇതൊക്കെ കലക്ടറുമായി സംസാരിക്കണമെന്നും പൂജ വാട്‌സപ്പ് സംഭാഷണത്തില്‍ പറയുന്നുണ്ട്.

ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ്, മെയ് 23ന് അക്ഷമയായ പൂജ വീണ്ടും ഈ വ്യക്തിയെ ബന്ധപ്പെട്ട് താമസം, യാത്ര, ഓഫീസ് എന്നിവയെപ്പറ്റി ചോദിക്കുന്നുണ്ട്. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. നാല് ദിവസങ്ങള്‍ക്കു ശേഷം പൂജ അന്ത്യശാസനം നല്‍കി. ജൂണ്‍ 3ന് ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തനിക്ക് പറഞ്ഞ സൗകര്യങ്ങള്‍ തയ്യാറാക്കണമെന്നും പറ്റില്ലെങ്കില്‍ താന്‍ കലക്ടറുമായി സംസാരിച്ചോളാം എന്നുമാണ് പൂജ പറഞ്ഞത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും വ്യാജ അംഗപരിമിതി വാദങ്ങള്‍ ഉന്നയിച്ചതിനും ആരോപണങ്ങള്‍ നേരിടുന്ന പൂജ ഖേഡ്ക്കര്‍ ഐഎഎസിന്റെ പരിശീലനം നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ യുപിഎസ്‌സിക്കു മുന്‍പാകെ പൂജ ഖേഡ്ക്കര്‍ സമര്‍പ്പിച്ച അംഗ പരിമിതിക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഏകാംഗ സമിതി പരിശോധിച്ചു വരികയാണ്.




SCROLL FOR NEXT