സിവില്‍ സര്‍വീസ് നേടുന്നതിനായി വ്യാജ രേഖ ചമച്ചുവെന്ന് ആരോപണം നേരിടുന്ന വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കര്‍ മഹാരാഷ്ട്രയിലെ വാഷിം പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രിയോടെ ഉദ്യോഗസ്ഥരുടെ സംഘം ഇവരുടെ വസതിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
വാഷിം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് വനിത ഉദ്യോഗസ്ഥര്‍ രാത്രി 11 മണിയോടെയാണ് പൂജയുടെ വീട്ടിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂര്‍ ഉദ്യോഗസ്ഥര്‍ പൂജയുമായി സംസാരിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നുവെന്നതില്‍ വ്യക്തത വന്നിട്ടില്ല. തനിക്ക് ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പൂജ ഖേഡ്ക്കര്‍ തന്നെ ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നാണ് വിവരം.
വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പൂജ ഖേഡ്ക്കറിനെ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സൂപ്പര്‍ ന്യൂമററി അസിസ്റ്റന്റ് കളക്ടറായി സ്ഥലം മാറ്റിയത്. അംഗ വൈകല്യവും കാഴ്ചപരിമിതിയുമുണ്ടെന്ന വ്യാജ അവകാശവാദം ഉന്നയിച്ചതില്‍ പൂജ ഖേഡ്കറിനെതിരെ നിലവില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ചില ട്രാഫിക്ക് പിഴകള്‍ പൂജ ഖേഡ്കറില്‍ നിന്നും ഈടാക്കുമെന്ന് പൂനെ പൊലീസ് അറിയിച്ചു.
വ്യാജ രേഖ ചമച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുന്ന ഏകാംഗ സമിതി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടേക്കും. അതേസമയം തനിക്കെതിരായ വാര്‍ത്തകളില്‍ പ്രതികരണവുമായി പൂജ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം കുറ്റക്കാരിയാണെന്ന് തെളിയുന്നത് വരെ താന്‍ നിരപരാധിയാണ്. അതിനാല്‍, കുറ്റക്കാരിയാണെന്ന മാധ്യമ വിചാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൂജ പറഞ്ഞത്.
മാധ്യമങ്ങള്‍ക്ക് കുറ്റക്കാരിയെന്ന് ആരോപിക്കാം എന്നാല്‍ അത്തരത്തില്‍ ഉറപ്പിക്കുന്നത് തെറ്റാണ്. ഇത് എല്ലാവരുടെയും അടിസ്ഥാന അവകാശമാണെന്നും പൂജ പറഞ്ഞു. പൂനെയില്‍ പ്രൊബേഷനിലായിരുന്ന ഐഎഎസ് ട്രെയ്‌നി പൂജ ഖേഡ്ക്കര്‍ കാഴ്ചാ-മാനസിക പരിമിതികളുള്ള ആളാണെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു ലഭിച്ച ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പൂജ ഐഎഎസ് നേടിയത്.
പരിമിതികള്‍ തെളിയിക്കാന്‍ ആറ് വട്ടം മെഡിക്കല്‍ പരിശോധന ആവശ്യപ്പെട്ടെങ്കിലും പൂജാ ഖേഡ്ക്കര്‍ വിസമ്മതിക്കുകയായിരുന്നു. പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന പൂജയ്ക്ക് എങ്ങനെ നിയമനം ലഭിച്ചുവെന്നത് വ്യക്തമല്ല. ഒബിസി വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന പൂജയുടെ വാദവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമെ പൂനെ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ അഭാവത്തില്‍ ഓഫീസ് ഉപയോഗിച്ചുവെന്ന ആക്ഷേപവും പൂജയുടെ പേരിലുണ്ട്.