NEWSROOM

ഓസ്കാറില്‍ തിളങ്ങി 'പ്രാണയുടെ' കൈത്തറി വസ്ത്രങ്ങള്‍ ; അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും

വ്യവസായ മന്ത്രി പി. രാജീവും പൂർണിമയെയും അനന്യ ശാന്‍ഭാഗിനെയും പ്രശംസിച്ചു

Author : ന്യൂസ് ഡെസ്ക്

ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ മലയാളത്തിന്‍റെ സാന്നിധ്യമായി കൈത്തറിയിൽ നെയ്ത വസ്ത്രം. 'അനുജ' എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗാണ് കൈത്തറി വസ്ത്രം ധരിച്ച് ഓസ്കാറിൽ മലയാള തനിമ എത്തിച്ചത്. പൂർണിമ ഇന്ദ്രജിത്താണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വ്യവസായ മന്ത്രി പി. രാജീവും പൂർണിമയെയും അനന്യ ശാന്‍ഭാഗിനെയും പ്രശംസിച്ചു. ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ കൈത്തറിക്കുള്ള വലിയ സാധ്യതകൾ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങൾ തുറന്നിടുന്നത്. ഒപ്പം ഫാഷൻ ഡിസൈനിങ്ങ് രംഗത്തുൾപ്പെടെ കേരളത്തിൽ വലിയ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തിൽ നിന്നുള്ള പോസിറ്റീവ് വാർത്തയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ദിവ്യപ്രഭയുടെ റെഡ് കാർപ്പറ്റ് കോസ്റ്റ്യൂം തയ്യാറാക്കിയതും പൂർണിമ ഇന്ദ്രജിത്തായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴമയും പുതിമയും ചേർന്ന ഔട്ട്ഫിറ്റായിരുന്നു ദിവ്യപ്രഭയുടേത്. ബനാറസി സാരികൊണ്ടുള്ള ബ്രാലറ്റ്, സ്‌കേര്‍ട്ട്, ഷര്‍ട്ട്, എന്നിവ ഉള്‍പ്പെട്ടതാണ് ഈ ഔട്ട്ഫിറ്റ്. 2013ലാണ് പൂർണിമ 'പ്രാണ' എന്ന ഡിസൈനിങ് സ്ഥാപനം ആരംഭിച്ചത്. പ്രളയ സമയത്ത് കേരളത്തിൻ്റെ കൈത്തറി രംഗം കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ നെയ്ത്തുകാരെ സഹായിക്കുന്നതിനായി പ്രത്യേക ക്യാംപെയ്നുമായി പൂർണിമ ഇന്ദ്രജിത്ത് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയിൽ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് ഓസ്കാർ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

SCROLL FOR NEXT