NEWSROOM

കൊല്ലപ്പെട്ട ബംഗാൾ കോൺഗ്രസ് നേതാവിൻ്റെ ഭാര്യ വിഷം കഴിച്ച് മരിച്ച നിലയിൽ

തപൻ കാണ്ഡുവിൻ്റെ ഭാര്യ പൂർണിമ കാണ്ഡു പോസ്റ്റ്മാർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്. 2022 മാർച്ചിൽ കൊലചെയ്യപ്പെട്ട തപൻ കാണ്ഡുവിൻ്റെ ഭാര്യ പൂർണിമ കാണ്ഡുവിൻ്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൽദ മുനിസിപ്പൽ ഏജൻസിയുടെ ചെയർപേഴ്സണായിരുന്നു പൂർണിമ കാണ്ഡു.

സംസ്ഥാനത്ത് ദുർഗാപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 11ന് രാത്രിയാണ് ഇവരുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജൽദയിലെ ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പിന്നാലെ പൂർണിമയുടെ അനന്തരവൻ മിഥുൻ ഇവർ വിഷം കഴിച്ചാണ് മരിച്ചതെന്ന് ആരോപിച്ചിരുന്നു.

ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെയാണ് പൂർണിമയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. പൂർണിമ കാണ്ഡുവിൻ്റെ മരണം അസ്വാഭാവികമാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേപ്പാൾ മഹാതോയും പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തപൻ കാണ്ഡുവിൻ്റെ മരണത്തിൽ കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൂർണിമ കാണ്ഡുവിൻ്റെ മരണത്തിലും സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

SCROLL FOR NEXT