NEWSROOM

അന്ത്യാഞ്ജലി അർപ്പിക്കാൻ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ; അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്നും തുടരും

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്നും തുടരും.മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംസ്കാര ശ്രുശ്രൂഷകൾ നടക്കുക.  ലോകനേതാക്കള്‍ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിനു മേയ് 5നു മുന്‍പു തുടക്കമാകും. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശം.

ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം വത്തിക്കാനിലെ സെൻ്റ് പിറ്റേഴ്സ് ബസലിക്കയിലെത്തിച്ചത്. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച ഇടയനെ നഷ്ടമായതിൻ്റെ വിഷമത്തിലാണ് വിശ്വാസികൾ. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ച് വരികയായിരുന്നു.

ജനകീയനായ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

SCROLL FOR NEXT