NEWSROOM

ദിവസങ്ങളായി ശ്വാസതടസ്സം, പ്രസംഗം വായിക്കാന്‍ സഹായികള്‍; ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍

ഒരാഴ്ചയിലധികമായി ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും മാര്‍പാപ്പയെ അലട്ടുന്നുണ്ട്. പലതവണയായി അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വായിച്ചു കൊടുക്കുന്നത് അദ്ദേഹത്തിന്റെ സഹായികളാണ്.

Author : ന്യൂസ് ഡെസ്ക്

ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും മറ്റു പരിശോധനകൾക്കുമായാണ് 88 കാരനായ മാര്‍പാപ്പയെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുറേ നാളുകളായി മാര്‍പാപ്പ ബ്രോങ്കൈറ്റിസിനാല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണെന്നും ചികിത്സയ്ക്കായി റോമിലെ അഗസ്തിനോ ഗെമേല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തന്നെ തുടരേണ്ട സാഹചര്യമാണെന്നും അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഒരാഴ്ചയിലധികമായി ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും മാര്‍പാപ്പയെ അലട്ടുന്നുണ്ട്. പലതവണയായി അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വായിച്ചു കൊടുക്കുന്നത് അദ്ദേഹത്തിന്റെ സഹായികളാണ്.

2023ലും ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ദിവസത്തോളം ബ്രോങ്കൈറ്റിസുമായി ബന്ധപ്പെട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളാല്‍ മാര്‍പാപ്പ തന്റെ പദവി രാജിവെക്കുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തള്ളി അദ്ദേഹം തന്നെ മുന്നോട്ട് വരികയും ചെയ്തിരുന്നു. സഭയെ ഭരിക്കുന്നത് കാലുകൊണ്ടല്ല, ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസംഗം വായിക്കാന്‍ സഹായിയെ ഏര്‍പ്പെടുത്തിയതോടെയായിരുന്നു മാര്‍പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

SCROLL FOR NEXT