NEWSROOM

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് അന്തസിന്റെ ലംഘനം, മോശമായി അവസാനിക്കും; ട്രംപിനെ രൂക്ഷമായി വിമർശിച്ച് മാർപാപ്പ

ദുര്‍ബല വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നടപടികളെന്നും അമേരിക്കയിലെ ബിഷപ്പുമാര്‍ക്കെഴുതിയ തുറന്ന കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ദുര്‍ബല വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ നടപടികളെന്നും അമേരിക്കയിലെ ബിഷപ്പുമാര്‍ക്കെഴുതിയ തുറന്ന കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും അവരുടെ മുഴുവന്‍ കുടുംബത്തിന്റെയും അന്തസ്സിനെ തന്നെ ലംഘിക്കുന്ന നടപടിയാണ് ട്രംപിന്റേത്. കൂട്ടമായി നാടുകടത്തുന്ന അമേരിക്കയുടെ നടപടിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും നിര്‍ബന്ധിച്ച് നടപ്പിലാക്കുന്ന ഏതൊരു നയവും തുടങ്ങുന്നതും അവസാനിക്കുന്നതും വളരെ മോശമായ രീതിയിലായിരിക്കുമെന്നും മാര്‍പാപ്പ കത്തില്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. ട്രംപ് അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ പ്രതികരണമാണ് മാര്‍പാപ്പ കത്തിലൂടെ നടത്തിയിരിക്കുന്നത്.

പുതിയ കത്ത് അമേരിക്കന്‍ ഭരണകൂടവും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അടക്കമുള്ള കാത്തോലിക്കക്കാരായ പുതിയ അംഗങ്ങളെ കത്ത് പരോക്ഷമായി അഭിസംബോധന ചെയ്യുന്നുണ്ടെന്നും അഭിപ്രായം ഉയരുന്നുണ്ട്.

SCROLL FOR NEXT