NEWSROOM

നിത്യതയിൽ മാ‍ർപാപ്പ; പാവങ്ങളുടെ പാപ്പയ്ക്ക് പ്രാർഥനയോടെ വിട

55 രാഷ്ട്രത്തലവന്മാരുള്‍പ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്

Author : ന്യൂസ് ഡെസ്ക്



കത്തോലിക്കാ സഭയുടെ മഹാ ഇടയന് വിട നൽകി ലോകം. സെന്‍റ് മേരി മേജർ ബസിലിക്കയിലെ കല്ലറയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാർമികത്വം വഹിച്ചത്. പാവങ്ങളുടെ പാപ്പയെ അവസാനമായി കാണാൻ രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് എത്തിച്ചേർന്നത്. 55 രാഷ്ട്രത്തലവന്മാരുള്‍പ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകളും സജ്ജീകരിച്ചിരുന്നു.

കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേക്കൊപ്പം കർദിനാൾമാരായ റോജർ മൈക്കിൾ മഹോനി, ഡൊമിനിക് മമ്പേർത്തി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യ വൈദികൻ മൗറോ ഗമ്പെത്തി, എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരും സംസ്കാരച്ചടങ്ങിൽ സഹകാർമികരായി. ചടങ്ങില്‍ പോപ്പിന്റെ സമാധാന നിലപാട് സഭ ഉയർത്തിപ്പിടിച്ചു. സംസ്കാര ചടങ്ങിൽ ജിയോവാനി ഈ നിലപാട് എടുത്തുപറഞ്ഞു. അഭയാർത്ഥികളോടുള്ള അനുകമ്പയാൽ ഫ്രാൻസിസ് മാർപാപ്പയുടെ പൗരോഹത്യ കാലം എങ്ങനെ നിർവചിക്കപ്പെട്ടു എന്നതിനെക്കുറിച്ച് കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ സംസാരിച്ചു. മതിലുകളല്ല പാലം പണിയാന്‍ ആഗ്രഹിച്ചയാളാണ് പാപ്പ എന്നും സഭ അറിയിച്ചു.

പാപ്പയുടെ ശവപേടകം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഘോഷയാത്രയായാണ് എത്തിച്ചത്. വത്തിക്കാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ടൈബർ നദിക്ക് മുകളിലൂടെ സഞ്ചരിച്ച് മധ്യ റോമിലൂടെ പിയാസ വെനീസിയയിലെത്തി കൊളോസിയം കടന്ന് വടക്കോട്ട് തിരിഞ്ഞാണ് മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ‍ബസിലിക്കയിൽ എത്തിച്ചേർന്നത്. റോഡിന് ഇരുവശത്തും നിന്ന ജനങ്ങൾ കരഘോഷത്തോടെയാണ് തങ്ങളുടെ പാപ്പയോട് വിടചൊല്ലിയത്.

അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മ‍ൃതശരീരം ബസിലിക്കയിൽ ഏറ്റുവാങ്ങിയത്. ചെറുപ്രാർഥനകൾക്ക് ശേഷമാണ് മേരിയുടെ പള്ളിയിലെ മണ്ണിൽ പാപ്പയെ കബറടക്കിയത്. പൊതുജനങ്ങള്‍ക്ക് ചടങ്ങുകളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ക്കായി ഇവിടം തുറന്നുകൊടുക്കും.

സാധാരണയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാർപാപ്പമാരുടെ ഭൗതികശരീരം അടക്കം ചെയ്യുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആ​ഗ്രഹപ്രകാരം സെന്‍റ് മേരി മേജർ ബസിലിക്കയിൽ, മാതാവിന്റെ പ്രശസ്തമായ സാലസ് പോപ്പുലി റൊമാനി എന്ന ചിത്രം സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും, സ്‌ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ സ്ഥലത്തെ കല്ലറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. അലങ്കാര പണികളൊന്നും കൂടാതെയുള്ള ഒരു മാർബിൾ കഷണത്തിൽ ഫ്രാൻസിസ്‌കസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പാപ്പയുടെ പേര് മാത്രമായിരിക്കും കല്ലറയിൽ ആലേഖനം ചെയ്യുക. അതോടൊപ്പം മാർപാപ്പയുടെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണ് ഈ കല്ലറയുടെ സ്ഥാനം.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് മുൻ പ്രസി‍ഡന്റ് ജോ ബൈഡൻ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് വത്തിക്കാനിൽ എത്തിയ പ്രധാനികൾ. കിം​ഗ് ചാൾസിന്റെ പ്രതിനിധിയായി വില്യം രാജകുമാരനാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഡോണാൾഡ് ട്രംപിനൊപ്പം പങ്കാളി മെലാനിയ ട്രംപും വത്തിക്കാനിലെ ചടങ്ങുകളുടെ ഭാ​ഗമായി. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും വത്തിക്കാനിലെ ചടങ്ങുകളുടെ ഭാ​ഗമായി.

കാസ സാന്താ മാർത്തയിൽ നിന്നും വിലാപയാത്രയായി വത്തിക്കാൻ ബസിലിക്കയിൽ എത്തിച്ച ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം ദർശിച്ചു പ്രാർത്ഥിക്കുന്നതിനായി, ജാതി, മത, വർഗ, സംസ്കാര ഭേദമെന്യേ ലക്ഷക്കണക്കിന് ആളുകളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിച്ചേർന്നത്. രണ്ടു ദിവസം പൂർത്തിയായപ്പോൾ തന്നെ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിനു മുകളിൽ ആളുകളാണ് പാപ്പായെ കണ്ടുമടങ്ങിയതെന്നാണ് വത്തിക്കാൻ പുറത്തുവിട്ട കണക്കുകൾ. രാത്രി വൈകിയും ആളുകൾ എത്തുന്നതിനാൽ, ഇന്നലെ അർധരാത്രിക്ക് ശേഷവും അന്ത്യാഞ്ജലി അർപ്പിക്കുവാനുള്ള സൗകര്യം  ആളുകൾക്കായി നൽകിയിരുന്നു. 

SCROLL FOR NEXT