NEWSROOM

മഹാ ഇടയന് വിട നൽകാൻ ലോകം; സംസ്കാരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

മാർപാപ്പയുടെ അന്ത്യാഭിലാഷ പ്രകാരം വത്തിക്കാന് പുറത്ത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം

Author : ന്യൂസ് ഡെസ്ക്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം. മാർപാപ്പയുടെ അന്ത്യാഭിലാഷ പ്രകാരം വത്തിക്കാന് പുറത്ത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.

വലിയ ഇടയന് അന്ത്യാഞ്ജലി അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുകയാണ്. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച ഇടയനെ നഷ്ടമായതിൻ്റെ വിഷമത്തിലാണ് വിശ്വാസികൾ. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ച് വരികയായിരുന്നു.

ജനകീയനായ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

SCROLL FOR NEXT