ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. 88 കാരനായ മാർപാപ്പ ഒരാഴ്ചക്കാലമായി റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിൽ ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ മാർപാപ്പ ഈയാഴ്ച പങ്കെടുക്കാനിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാർപാപ്പയ്ക്ക് നേരത്തെ നല്‍കി വന്നിരുന്ന ആന്‍റിബയോട്ടിക് ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
പ്ലൂറിസി എന്ന അസുഖത്തെ തുടർന്ന് 21ാം വയസില്‍ മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കംചെയ്തിരുന്നു. അതിനാൽ തന്നെ തുടർച്ചയായ ശ്വാസകോശ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. ഗമേലി ആശുപത്രിക്കുമുന്നില് ആശുപത്രിക്ക് മുന്നിൽ പ്രാർഥനയുമായി ആയിരങ്ങൾ തമ്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ നേരത്തെ തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയിൽ 12 വർഷത്തിനിടയിൽ, നിരവധി തവണ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് ദിവസത്തോളമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്.
ആരോഗ്യപ്രശ്‌നങ്ങളാല്‍ മാര്‍പാപ്പ തന്റെ പദവി രാജിവെക്കുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തള്ളി അദ്ദേഹം തന്നെ മുന്നോട്ട് വരികയും ചെയ്തിരുന്നു. സഭയെ ഭരിക്കുന്നത് കാലുകൊണ്ടല്ല, ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസംഗം വായിക്കാന്‍ സഹായിയെ ഏര്‍പ്പെടുത്തിയതോടെയായിരുന്നു മാര്‍പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.