NEWSROOM

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്

ഫ്രാൻസിസ് മാർപാപ്പ (88) കാലം ചെയ്തു. വത്തിക്കാൻ വക്താവ് കർദിനാൾ കെവിൻ ഫെറലാണ് വിവരം അറിയിച്ചത്. മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് സംസാരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. 

വത്തിക്കാൻ സാൻ്റാ മാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ച് വരികയായിരുന്നു. ജനകീയനായ മാർപാപ്പയായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. 

സ്നേഹം കൊണ്ടും കരുണ കൊണ്ടും ലോകത്തെ നയിച്ച മഹായിടയൻ ആയിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ആദ്യ ജസ്യൂട്ട് മാർപാപ്പ, ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ തുടങ്ങി ഒട്ടേറെ പ്രത്യേകത ഫ്രാൻസിസ് പാപ്പയ്ക്ക് ഉണ്ടായിരുന്നു. ഏറ്റവും അവസാനം ഇന്നലെ നടത്തിയ ഈസ്റ്റർ ദിന അഭിസംബോധനയിലും ഗാസയിലെ യുദ്ധത്തെ കുറിച്ചാണ് മാർപാപ്പ ആകുലപ്പെട്ടത്.

1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐർസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ബ്യൂണസ് അയേഴ്സിന്‍റെ ആർച്ച് ബിഷപ്പായിരുന്ന ഹോർഹെ മരിയോ ബെർഗോളിയോ, വത്തിക്കാന്‍റെ പരമപദത്തില്‍ ഫ്രാന്‍സിസ് മാർപാപ്പയെന്ന നാമം സ്വീകരിച്ച് എത്തിയത് 2013ലാണ്. ശാരീരിക അവശതകള്‍ മൂലം, ബെനഡിക്ട് 16ാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതോടെയായിരുന്നു അത്. 600 വർഷത്തിനിടെ രാജിവെച്ച ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്ട് 16ാമൻ. ഇതോടെ പതിവു പ്രോട്ടോക്കോളുകള്‍ തിരുത്തി നടന്ന ബാലറ്റില്‍ 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266ാമത് മാർപാപ്പയായി ഫ്രാന്‍സിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടു.

1300 വർഷങ്ങള്‍ക്കിടെ യൂറോപ്പിന് പുറത്തുനിന്ന് വത്തിക്കാനില്‍ ഒരു പോപ്പ് എത്തി. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ. ജെസ്യൂട്ട് സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ. പിന്നീട് സഭയുടെ ചരിത്രത്തിലെ തന്നെ പുരോഗമനപരമായ അഴിച്ചുപണികളുടെ നേതൃത്വമായി അദ്ദേഹം. മറ്റൊരു മാർപാപ്പയും വഹിക്കാത്ത ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചായിരുന്നു തുടക്കം. 2013 മാർച്ച് 19 ചൊവ്വാഴ്ച സെൻ്റ് പീറ്റേഴ്‌സിലെ സിസ്റ്റൈൻ ചാപ്പലിൽ നടന്ന പരമ്പരാഗത ചടങ്ങില്‍ മാർപാപ്പ കാല്‍കഴുകി മുത്തിയവരുടെ കൂട്ടത്തില്‍ ചരിത്രത്തിലാദ്യമായി രണ്ടു സ്ത്രീകളുണ്ടായിരുന്നു. ആ വർഷത്തെ പേഴ്‌സൺ ഓഫ് ദ ഇയറായി മാർപാപ്പയെ തെരഞ്ഞെടുത്ത ടെെംസ് മാഗസീന്‍- വത്തിക്കാനില്‍ നിന്നകന്ന ക്രിസ്തീയസമൂഹത്തിനു മുന്നില്‍ മാറ്റത്തിന്‍റെ സന്ദേശമായി മാർപാപ്പയെ അടയാളപ്പെടുത്തി.

ആഡംബര പാപ്പൽ അപാർട്ടുമെൻ്റുകളുപേക്ഷിച്ച് കാസ സാൻ്റാ മാർത്തയിലെ ഗസ്റ്റ്ഹൗസ് അദ്ദേഹം താമസത്തിനായി തെരഞ്ഞെടുത്തു. സമ്പന്നതയുടെ സഭാപാരമ്പര്യത്തോട് അകന്നുനില്‍ക്കുന്നതിന് സോദ്ദേശ്യപരമായ ശ്രമം നടത്തി. വത്തിക്കാനിലെ നിഗൂഢമെന്ന് കണക്കാക്കിപോന്ന സാമ്പത്തിക ഇടപാടുകളെ ഓഡിറ്റിന് വിധേയമാക്കാന്‍ നപടികള്‍ സ്വീകരിച്ചു. അരികുവത്കരിക്കപ്പെട്ടവരും അഭയാർഥികളുമായ ജനതയ്ക്ക് ശബ്ദമായി. പാവങ്ങളുടെ സഭയ്ക്കായി ആഹ്വാനം ചെയ്തു. പരമ്പരാഗത സഭാസിദ്ധാന്തങ്ങളെ മുറുകെ പിടിച്ചപ്പോഴും, LGBTQ+ സമൂഹത്തിൻ്റെ അവകാശങ്ങളും, കത്തോലിക്കാസഭയിലെ സ്ത്രീപ്രാതിനിധ്യവും വത്തിക്കാനില്‍ ചർച്ചയായി.

തൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി വത്തിക്കാന് കളങ്കമായ പുരോഹിതരുടെ ബാല ലെെംഗികാതിക്രമണങ്ങളെ പരസ്യമായി അംഗീകരിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തു ഫ്രാന്‍സിസ് മാർപാപ്പ. വൈദികതയുടെ മറവിലെ ദുരുപയോഗങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അനുകമ്പയും ചേർത്തുനിർത്തലുമാണ് ഒരു ആത്മീയ നേതൃത്വത്തിന് വേണ്ടതെന്ന് പുനർനിർവ്വചിച്ചു. ഗാസ, യുക്രെയ്ന്‍ യുദ്ധങ്ങളെ കണ്ട സമകാലിക ലോകത്തില്‍ സമാധാനത്തിന്‍റെ സന്ദേശകനായി.

ക്രിസ്തുവിന്‍റെ ഇടയനും ശിഷ്യനുമായ ഒരു റോമന്‍ മാർപാപ്പയുടെ അന്ത്യവിശ്രമമാണ് താനാഗ്രഹിക്കുന്നത്, ലോകത്തിലെ പ്രബലരില്‍ ഒരാളുടെ ശവസംസ്കാരമല്ല. കഴിഞ്ഞ ഏപ്രിലില്‍ മാർപ്പാപ്പമാരുടെ സംസ്കാരചടങ്ങുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാർപ്പാപ്പ തന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍പ്, 2023ല്‍ തന്നെ റോമിലെ എസ്ക്വിലിനോയ്ക്ക് സമീപം സാൻ്റാ മരിയ മാഗിയോറിൻ്റെ ബസിലിക്കയിലെ കുഴിമാടത്തിലായിരിക്കണം തന്നെയടക്കേണ്ടതെന്നും അദ്ദേഹം വത്തിക്കാനെ അറിയിച്ചു.

2021 മുതല്‍ നിരന്തരം ശാരീരീക അസ്വസ്ഥകളുണ്ടായപ്പോഴും വത്തിക്കാനിലെ കൂടിക്കാഴ്ചകളും കുർബാനകളും മുടക്കാതെ, വീല്‍ചെയറിൽ രാജി അഭ്യൂഹങ്ങള്‍ തള്ളി ചുമതലയില്‍ തുടർന്നു. സഭയ്ക്കുള്ളിലെ പ്രധാന സ്ഥാനങ്ങളിൽ പരിഷ്കരണവാദികളായ അനുയായികളെ നിയമിച്ച് തൻ്റെ പുരോഗമന പാരമ്പര്യം ഉറപ്പിക്കാന്‍ അവസാനകാലം വരെ പ്രയത്നിച്ചു. വത്തിക്കാനിലെ ആദ്യ വനിതാ ഗവർണറായി സിസ്റ്റർ റാഫേല്ല പെട്രിനിയെ നിയമിച്ച് ചരിത്രമെഴുതിയതും, ഇറ്റാലിയൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയെ അടുത്ത മാർപാപ്പയെ നിർണയിക്കുന്ന കോളേജ് ഓഫ് കർദിനാൾമാരുടെ അധ്യക്ഷനായി നിയമിച്ചതുമെല്ലാം അതിന്‍റെ ഭാഗമായാണ്. ഒടുവില്‍ അലങ്കരിച്ച ശവമഞ്ചമില്ലാതെ, ലാളിത്യത്തിലാണ് റോമിന്‍റെ ഇടയന് മടക്കം. ഇനി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സെൻ്റ് പീറ്റേഴ്‌സിലെ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയരുന്നതു വരെ വത്തിക്കാന്‍റെ വാതിലുകള്‍ അടഞ്ഞുകിടക്കും.

SCROLL FOR NEXT