NEWSROOM

"സഭയെ ഭരിക്കുന്നത് കാലുകൾ കൊണ്ടല്ല, ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും"; രാജി അഭ്യൂഹങ്ങള്‍ തള്ളി പോപ് ഫ്രാൻസിസ്

തൻ്റെ ആത്മകഥയായ 'ഹോപി'ലൂടെയാണ് പോപ് ഫ്രാൻസിസ് ഇക്കാര്യം വ്യക്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

കത്തോലിക്ക സഭയുടെ പരമാധ്യാക്ഷ പദവി രാജി വെയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി പോപ് ഫ്രാൻസിസ്. തൻ്റെ ആത്മകഥയായ 'ഹോപി'ലൂടെയാണ് പോപ് ഫ്രാൻസിസ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപ്രശ്നങ്ങളാൽ പോപ് ഫ്രാൻസിസ് തൻ്റെ പദവി രാജിവെയ്ക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. സഭയെ ഭരിക്കുന്നത് കാലുകൾ കൊണ്ടല്ല, ബുദ്ധികൊണ്ടും ഹൃദയം കൊണ്ടെന്നുമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ കുറിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രസംഗം വായിക്കാൻ സഹായിയെ ഏർപ്പെടുത്തിയതോടെ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


കഴിഞ്ഞ മാസമാണ് ഫ്രാൻസിസ് മാർപ്പാപ്പക്ക് 88 വയസ്സ് പൂർത്തിയായത്. 88 വയസായെങ്കിലും ആരോഗ്യവാനാണെന്ന് മാർപാപ്പ പുതിയ പുസ്തകത്തിൽ പറയുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തുപോലും സ്ഥാനത്യാഗത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. തന്നെ വീൽ ചെയറിൽ കാണാനാകും, എന്നാൽ കാലുകൾ കൊണ്ടല്ല, മറിച്ച് തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണെന്നും പോപ് ആത്മകഥയിൽ പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം, പലതവണയായി മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന് മാറിനിൽക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഓരോ തവണയും പോപ് സ്ഥാനമൊഴിയുമെന്നും, കര്‍ദിനാളുമാരുടെ കോണ്‍ക്ലേവ് ചേരുമെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഈ അഭ്യൂഹങ്ങള്‍ക്കാണ് ആത്മകഥയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിരാമമിടുന്നത്.  മാർപാപ്പയുടെ ആത്മകഥയായ ഹോപ് നൂറ് രാജ്യങ്ങളിലായാണ് പുറത്തിറങ്ങിയത്.


2013ലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. മാര്‍പാപ്പയാകുന്ന ആദ്യ ലാറ്റിനമേരിക്കന്‍ പുരോഹിതനാണ് അര്‍ജന്‍റീനയില്‍ നിന്നുള്ള പോപ് ഫ്രാന്‍സിസ്. സ്വവര്‍ഗാനുരാഗികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതരെ അനുവദിച്ച വിപ്ലവകരമായ തീരുമാനത്തെക്കുറിച്ചും പോപ് ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. മനുഷ്യരാണ് ആശീര്‍വദിക്കപ്പെടുന്നത്, ബന്ധമല്ല. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ല, അതൊരു മാനുഷിക യാഥാര്‍ഥ്യമാണെന്ന് മാര്‍പാപ്പ ആത്മകഥയിൽ കുറിച്ചു.

SCROLL FOR NEXT