NEWSROOM

"തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കൂ"; ക്രിസ്‌മസ് ദിനത്തിൽ സന്ദേശവുമായി മാർപ്പാപ്പ

ലോകത്തിൻ്റെ നാനാഭാഗങ്ങളിലും ക്രിസ്മസ് പ്രത്യാശയയുടെ വെളിച്ചം പെയ്തിറങ്ങിയപ്പോഴും പിറവിയുടെ ദേവാലയത്തിൽ മാത്രം ഇത്തവണയും ക്രിസ്മസ് ആഘോഷമുണ്ടായില്ല

Author : ന്യൂസ് ഡെസ്ക്

തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കൂവെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ക്രിസ്‌മസ് ദിനത്തിൽ ലോകത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വത്തിക്കാനിൽ 25 വർഷം കൂടുമ്പോൾ മാത്രം തുറക്കുന്ന സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധവാതിൽ മാർപ്പാപ്പ തുറന്നതോടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1,300ല്‍ ബോണിഫസ് ഏഴാമന്‍ മാര്‍പ്പാപ്പയാണ് ജൂബിലി ആഘോഷത്തിന് തുടക്കമിട്ടത്. സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും പ്രതീകമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് പ്രതീക്ഷയുടെ തിരുപ്പിറവി ദിനം ആഘോഷിക്കുകയാണ്.




ലോകത്തെങ്ങുമുള്ള പള്ളികളും കത്തീഡ്രലുകളും വർണ്ണാഭമായ വിളക്കുകളാൽ പ്രകാശപൂരിതമായി. യേശുക്രിസ്തുവിൻ്റെ ജനനം ആഘോഷിക്കുന്ന വിശ്വാസികൾ പള്ളിയിൽ പ്രാർഥിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു. നക്ഷത്രങ്ങൾ, ബബിൾസ്, ടിൻസൽ, റീത്തുകൾ, മണികൾ എന്നിവകൊണ്ട് അലങ്കരിച്ച വ്യത്യസ്ത തരത്തിലുള്ള ക്രിസ്മസ് ട്രീകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായുള്ള പള്ളികളിൽ പ്രദർശിപ്പിച്ചു. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ചടങ്ങുകൾ നടന്നു.



എന്നാൽ ഈ ക്രിസ്‌മസ് കാലവും വിശുദ്ധ വർഷാരംഭവും പരിസ്ഥിതി സൗഹാർദപരവുമാണ്. കാർബൺ ബഹിർഗമനം പരമാവധി നിയന്ത്രിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടന്നത്. എന്നാൽ പതിവുതോരണങ്ങള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും ഒരു കുറവും വരുത്തിയിട്ടില്ല. ലണ്ടനിലും പാരീസിലും ബെർലിനിലുമൊക്കെ വർണശോഭ ഒട്ടും ചോരാതെ ക്രിസ്‌മസ് ആഘോഷങ്ങൾ നടന്നു. മഞ്ഞ് വീഴുന്ന സ്നോ ഗ്ലോബും നഗരങ്ങളിലെ നൃത്തവും ക്രിസ്‌മസ് മാർക്കറ്റുകളുമൊക്കെ കൗതുക കാഴ്ചകളായി. ലോകത്തിൻ്റെ നാനാഭാഗങ്ങളിലും ക്രിസ്മസ് പ്രത്യാശയയുടെ വെളിച്ചം പെയ്തിറങ്ങിയപ്പോഴും പിറവിയുടെ ദേവാലയത്തിൽ മാത്രം ഇത്തവണയും ക്രിസ്മസ് ആഘോഷമുണ്ടായില്ല. ക്രിസ്മസ് അലങ്കാരമേതുമില്ലാതെ ആയിരുന്നു ഇത്തവണയും ബെത്‌ലഹേമിലെ ക്രിസ്‌മസ് ആഘോഷം.

SCROLL FOR NEXT