NEWSROOM

ശക്തമായ ശ്വാസതടസ്സം; മാർപാപ്പ വെൻ്റിലേറ്ററിൽ

മാർപാപ്പയ്ക്ക് 24 മുതൽ 48 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോപ്പ് ഫ്രാൻസിസിൻ്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. ചുമയ്ക്കുന്നതിനിടെ ഛർദ്ദി ശ്വാസകോശത്തില്‍ പ്രവേശിച്ചതായും ഇത് നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു. തുടർന്നുണ്ടായ ശ്വാസതടസ്സം മാർപാപ്പയുടെ ആരോഗ്യനില വഷളാക്കിയിട്ടുണ്ട്. നിലവിൽ മാർപാപ്പ വെൻ്റിലേറ്ററിലാണ്.  24 മുതൽ 48 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം പോപ്പ് ഫ്രാൻസിസ് ബോധവാനാണെന്നും ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാൻസിസിന്റെ പ്രായവും അദ്ദേഹം അനുഭവിക്കുന്ന വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖവും ശാശ്വതമായി മാറാൻ സമയമെടുക്കുമെന്നാണ് ‍ഡോക്ടർമാർ പറയുന്നത്. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയും മാർപാപ്പയ്ക്ക് നൽകിയിട്ടുണ്ട്. പ്ലൂറിസി എന്ന അസുഖത്തെ തുടർന്ന് 21ാം വയസില്‍ മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കംചെയ്തിരുന്നു. അതിനാൽ തന്നെ തുടർച്ചയായ ശ്വാസകോശ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. സമീപ വർഷങ്ങളിൽ, അദ്ദേഹം വൻകുടലിൽ ശസ്ത്രക്രിയയ്ക്കും ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

SCROLL FOR NEXT