NEWSROOM

മാർപാപ്പയുടെ വിയോഗം: സംസ്ഥാന സർക്കാരിൻ്റെ വാർഷിക ആഘോഷത്തിലെ ഇന്നത്തേയും നാളത്തേയും കലാപരിപാടികൾ മാറ്റി

ദുഃഖാചരണത്തിൻ്റെ ഭാഗമായി വയനാട്, കാസർഗോഡ് ജില്ലകളിലെ പരിപാടികളാണ് മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്‍റെ വാർഷികാഘോഷത്തിലെ പരിപാടികളിൽ മാറ്റം. ഔദ്യോ​ഗിക ദുഃഖാചരണത്തിന്റെ ഭാ​ഗമായി ഇന്നും നാളെയും വയനാട്, കാസർഗോഡ് ജില്ലകളിൽ നടത്താനിരുന്ന കലാപരിപാടികളാണ് മാറ്റിവെച്ചത്. ഇന്നത്തെ വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ രണ്ട് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോ​ഗിക പരിപാടികൾ മാറ്റിവയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ഔദ്യോ​ഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടും.

തിങ്കളാഴ്ച രാവിലെ 11.05നാണ് മാർപാപ്പ നിര്യാതനായത്. ന്യുമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ അഞ്ചാഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോ​ഗിക കുറിപ്പ് പുറത്തുവിട്ടു. പക്ഷാഘാതത്തെ തുടർന്ന് കോമ സ്റ്റേജിലെത്തിയ പാപ്പ തുടർന്നുണ്ടായ ഹൃദയധമനിയിലെ തകർച്ച കാരണമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT