NEWSROOM

അണ്ടർ 17 ഫിഫ ലോകകപ്പ് കിരീടം കൊത്തിപ്പറന്ന് റോണോയുടെ നാട്ടുകാർ; ടൂർണമെൻ്റിൽ യൂറോപ്യൻ മേധാവിത്തം

ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തി ഇറ്റലി മൂന്നാം സ്ഥാനക്കാരായി.

Author : ന്യൂസ് ഡെസ്ക്

ദോഹ: ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 17 ഫിഫ ലോകകപ്പ് കിരീടം കൊത്തിപ്പറന്ന് പോർച്ചുഗീസ് യുവനിര. നിർണായക ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട ഓസ്ട്രിയയെ തകർത്തത്.

ഓസ്ട്രിയയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. മത്സരത്തിൻ്റെ 32ാം മിനിറ്റിൽ അനിസ്യോ കബ്രാൽ നേടിയ ഗോളാണ് അവരെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ഈ ലോകകപ്പിൽ താരം നേടുന്ന ഏഴാമത്തെ ഗോളായിരുന്നു ഇത്.

81ാം മിനിറ്റിൽ ഓസ്ട്രിയൻ താരത്തിൻ്റെ തകർപ്പനൊരു ഹെഡ്ഡറും പോർച്ചുഗീസ് ഗോൾ പോസ്റ്റിൻ്റെ മുകളിലൂടെ തൊട്ടുരുമ്മി അകന്നുപോയി. 85ാം മിനിറ്റിൽ ഓസ്ട്രിയൻ സബ്‌സ്റ്റിറ്റ്യൂട്ട് താരത്തിൻ്റെ നിലംപറ്റിയുള്ള ഷോട്ട് പോർച്ചുഗീസ് ഗോൾ പോസ്റ്റിൻ്റെ ഇടത്തേ മൂലയിൽ തട്ടിത്തെറിച്ചിരുന്നു.

അതേസമയം, ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തി ഇറ്റലി മൂന്നാം സ്ഥാനക്കാരായി. ഇറ്റാലിയൻ ഗോൾകീപ്പർ അലസ്സാൻഡ്രോ ലോംഗോണി രണ്ട് പെനാൽറ്റി കിക്കുകൾ രക്ഷപ്പെടുത്തി. ഇതോടെ 48 ടീമുകൾ മാറ്റുരച്ച ലോകകപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും യൂറോപ്യൻ ടീമുകൾ സ്വന്തമാക്കി.

ഓസ്ട്രിയയുടെ ജോഹന്നാസ് മോസർ എട്ട് ഗോളുകളുമായി ടൂർണമെൻ്റിലെ ടോപ് സ്കോററായി മാറി. കബ്രാൽ രണ്ടാമതെത്തി.

SCROLL FOR NEXT