NEWSROOM

'തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കാം, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ അജയ്യൻ'; കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്റര്‍

പോസ്റ്റർ പതിച്ചിരിക്കുന്നത് 'നയിക്കാൻ നായകൻ വരട്ടെ' എന്ന തലക്കെട്ടോടെ

Author : ന്യൂസ് ഡെസ്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ, കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ. 'നയിക്കാൻ നായകൻ വരട്ടെ' എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഡിസിസി, കെപിസിസി ഓഫീസുകൾക്ക് മുന്നിലായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. 'കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷേ വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾ അജയ്യൻ' എന്നും പോസ്റ്ററിൽ പറയുന്നു.

നേരത്തെ കോഴിക്കോട് നഗരത്തിലും സമാനമായ രീതിയിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അതേസമയം കെ. മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിൻ്റെ ശ്രമം .

SCROLL FOR NEXT