വയനാട് ഡിസിസി ഓഫീസിൽ എൻ.ഡി അപ്പച്ചനും ടി. സിദ്ധിഖ് എംഎൽഎയ്ക്കും എതിരെ പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ കണ്ടെത്തി. "കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ" എന്നതാണ് പോസ്റ്ററുകളിലെ പ്രധാന വാക്യങ്ങൾ. വയനാട് ഡിസിസി ട്രഷററായിരുന്ന എൻ. എം. വിജയൻ്റെ മരണത്തെക്കുറിച്ചും പോസ്റ്ററിൽ പരാമർശങ്ങൾ ഉണ്ട്. എന്നാൽ ഐ.സി. ബാലകൃഷ്ണനെതിരെ പോസ്റ്ററിൽ പരാമർശങ്ങളൊന്നും ഇല്ലയെന്നതും ശ്രദ്ധേയമാണ്. എൻ. എം. വിജയൻ്റെ മരണത്തെ തുടർന്ന് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നുവെന്നതിനുള്ള തെളിവാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
ഇതിനു മുമ്പും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നുവെന്നും, എന്നാൽ സംഘടന ഇടപെട്ട് ഇത് ഒത്തു തീർപ്പാക്കിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം പ്രസ്താവനകൾ പരസ്യമായി അവതരിപ്പിക്കപ്പെടുകയാണ്. കോൺഗ്രസിനുള്ളിൽ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഞങ്ങൾ പറഞ്ഞു പരിഹരിക്കുമെന്നായിരുന്നു നേതൃത്വത്തിൻ്റെ വിശദീകരണം. ചുരം കയറി വന്ന എംഎൽഎയെ ചേർത്ത് പിടിച്ച് ഡിസിസി പ്രസിഡൻ്റ് സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.