NEWSROOM

നെയ്യാറ്റിൻകര ഗോപന്റെ മരണം: ദേഹത്തെ ചതവുകൾ മരണകാരണമല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്

ഗോപന്റെ മരണകാരണം കൃത്യമായി അറിയാൻ രാസ പരിശോധന ഫലം ലഭിക്കണം

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. ദേഹത്ത് കണ്ട ചതവുകൾ മരണകാരണമല്ലെന്നും കരൾ, വൃക്ക എന്നിവ തകരാറിലായിരുന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ​ഗോപന്റെ മരണകാരണം കൃത്യമായി അറിയാൻ രാസ പരിശോധന ഫലം ലഭിക്കണം.

ശരീരത്തിന്റെ എല്ലാ ബാഹ്യ ദ്വാരങ്ങളും അഴുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമായും നാല് ചതവുകളാണ് റിപ്പോർട്ടിൽ എടുത്ത് പറയുന്നത്. തലയുടെ പിൻഭാഗത്ത് വലതുവശത്തായി വലത് ചെവിക്ക് തൊട്ടുപിന്നിൽ, വലതു ചെവിക്ക് അടുത്ത് നെറ്റിയുടെ ഭാ​ഗവുമായി ചേരുന്ന മുഖത്തിന്റെ വലതുവശത്ത്, നെറ്റിയുടെ ഇടതു ഭാ​ഗത്ത് മുഖവുമായി ചേരുന്ന സ്ഥലത്ത്, മൂക്കിന്റെ പാലത്തിൽ എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിൽ പരമാർശിക്കുന്ന ചതവുകൾ. മൃതശരീരം ജീർണാവസ്ഥയിലായിരുന്നതിനാൽ മറ്റ് ബാഹ്യ മുറിവുകൾ നിർണയിക്കാൻ കഴിഞ്ഞില്ല. അസ്ഥികൂടം ഉൾപ്പെടെയുള്ള ആന്തരിക ഘടനകൾക്ക് പരിക്കില്ല. തലയോട്ടിക്ക് കേടുപാടുകളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗത്തുനിന്ന് രാസ പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സംസ്കരിച്ചിരുന്നിടത്തു നിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പൊടിപടലങ്ങൾ മൃതദേഹത്തില്‍ അടിഞ്ഞുകൂടിയിരുന്നതായും കണ്ടെത്തി. ഇവ ഹിസ്റ്റോപതോളജിക്കൽ പരിശോധനയ്ക്കായും അയച്ചു.

ജനുവരി ഒമ്പതിന് മരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബം ആരുമറിയാതെ മറവ് ചെയ്തത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. സമാധിയായെന്ന അവകാശവാദം അയൽവാസികൾ ചോദ്യം ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ കല്ലറയടക്കം പൊളിച്ചു. സ്വാഭാവിക മരണമെന്ന പ്രാഥമിക മെഡിക്കൽ കണ്ടെത്തലോടെ സമാധി തന്നെയെന്ന വാദം വീണ്ടുമുയർത്തിയ കുടുംബം മഹാസമാധിയെന്ന പേരിൽ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഘോഷയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മതാചാര്യന്മാരും ഗോപന്റെ മക്കളായ സനന്ദനും രാജസേനനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഋഷിപീഠമെന്ന് പേരിട്ട കല്ലറയിലാണ് ആചാരങ്ങളോടെ മൃതദേഹം മറവ് ചെയ്തത്.

SCROLL FOR NEXT