ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസ് പ്രതി റിജോ ആൻ്റണി റിമാൻഡിൽ. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി. നാളെ കോടതി അപേക്ഷ പരിഗണിക്കും.
അതേസമയം, വിശദമായ റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞത് ശരീര പ്രകൃതിയും ശബ്ദവും കൺതടവും കണ്ടാണെന്നും കളവ് പോയ 15 ലക്ഷം രൂപയിൽ 12 ലക്ഷം വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതി 2.9 ലക്ഷം രൂപ കടം തിരികെ നൽകാൻ ഉപയോഗിച്ചെന്നും, 10,000 രൂപ ചിലവായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
നേരത്തെ പ്രതി റിജോ ആൻ്റണിയുടെ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ബാങ്ക് മാനേജർ മരമണ്ടൻ ആണെന്നും കത്തി കാട്ടിയ ഉടൻ ബാങ്ക് മാനേജർ മാറിത്തന്നെന്നും റിജോ പറഞ്ഞു. മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും താൻ പിന്മാറിയേനെ എന്നും പ്രതി പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച 12 ലക്ഷം രൂപയും സൂക്ഷിച്ചത് വീട്ടിൽ തന്നെയാണെന്നും പ്രതി പറഞ്ഞു.
ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. 36 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.