NEWSROOM

പോട്ട‌ ബാങ്ക് കവർച്ച കേസ്: പ്രതി റിജോ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തെളിവെടുപ്പിനായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ റിമാൻഡിലായ പ്രതി റിജോ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിനായി അഞ്ചു ദിവസത്തേക്കാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. തെളിവെടുപ്പിനായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

പ്രതി കൃത്യം നടത്തി രക്ഷപ്പെട്ട വാഹനത്തെ കുറിച്ച് കൂടുതൽ പരിശോധനകൾ വേണമെന്നാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.  കൃത്യം നടത്താൻ ഉപയോഗിച്ച ഹെൽമറ്റ് , ജാക്കറ്റ് , ഗ്ലൗസ് എന്നിവ കണ്ടെത്തണം. വാഹനത്തിൻ്റെ രേഖകൾ കണ്ടെത്തണമെന്നുമായിരുന്നു പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്ന ആവശ്യങ്ങൾ.

കവർച്ച, ഭവനഭേദനം, ക്രിമിനൽ ഗൂഡാലോചന കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പ്രതിക്ക് പരമാവധി 13 വർഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിക്ക് വേണ്ടി ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാനാണ് പ്രതിഭാഗം അഭിഭാഷകൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞത് ശരീര പ്രകൃതിയും ശബ്ദവും കൺതടവും കണ്ടാണെന്നും കളവ് പോയ 15 ലക്ഷം രൂപയിൽ 12 ലക്ഷം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി 2.9 ലക്ഷം രൂപ കടം തിരികെ നൽകാൻ ഉപയോഗിച്ചെന്നും, 10,000 രൂപ ചെലവായെന്നും റിപ്പോർട്ടിലുണ്ട്.

ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ മോഷണം നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് ഇയാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവന്നത്. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. ടർന്ന് ഇയാൾ ക്യാഷ് കൗണ്ട‍ർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

SCROLL FOR NEXT