NEWSROOM

പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ബാര്‍ കഴുത്തില്‍ വീണു; പവര്‍ലിഫ്റ്റര്‍ക്ക് ദാരുണാന്ത്യം

പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു യക്ഷിത

Author : ന്യൂസ് ഡെസ്ക്

പവര്‍ലിഫ്റ്റിങ് പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ബാര്‍ കഴുത്തില്‍ വീണ് യുവ കായികതാരത്തിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കനീര്‍ ജില്ലയിലാണ് സംഭവം. ജൂനിയര്‍ നാഷണല്‍ ഗെയിംസ് താരം യക്ഷിത ആചാര്യ (17) ആണ് മരിച്ചത്.

പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു യക്ഷിത. റോഡ് ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ യക്ഷിതയുടെ കഴുത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിശീലകനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ യക്ഷിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 270 കിലോഗ്രാം ഭാരമുള്ള റോഡ് വീണ് കഴുത്ത് ഒടിഞ്ഞാണ് കായികതാരം മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്‌ട്രെങ്ത് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പെടുന്ന കായിക ഇനമാണ് പവര്‍ ലിഫ്റ്റിങ്. 'ബെഞ്ച് പ്രസ്' , 'സ്‌ക്വാറ്റ്', 'ഡെഡ് ലിഫ്റ്റ്' എന്നിവയാണ് ഈ മത്സര ഇനത്തില്‍ ഉള്‍പ്പെടുന്നത്. ഒളിമ്പിക്‌സിലെ വെയ്റ്റ് ലിഫ്റ്റിങ്ങുമായി സാദൃശ്യമുണ്ടെങ്കിലും ഈ മത്സര ഇനം ഒളിമ്പിക്‌സില്‍ ഭാഗമല്ല. വെയ്റ്റ് ലിഫ്റ്റിങ്ങിലേതു പോലെ മൂന്ന് അവസരങ്ങളാണ് പവര്‍ലിഫ്റ്റിങ്ങിലുമുണ്ടാകുക.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ നടക്കും. ഭാരമനുസരിച്ച് വിവിധ വിഭാഗങ്ങളിലായിട്ടാണ് മത്സരം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റെര്‍സ് എന്നിങ്ങനെ പ്രായമനുസരിച്ചുമാണ് മത്സരങ്ങള്‍.

SCROLL FOR NEXT