NEWSROOM

മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി പി.പി. ദിവ്യ; 'ക്ഷണിച്ചത് ജില്ലാ കളക്ടര്‍, സംസാരിച്ചത് സദുദ്ദേശ്യത്തോടെ'

സംസാരിച്ചത് സദുദ്ദേശ്യത്തോടെയാണ്. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് പി.പി. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂർജാമ്യ ഹര്‍ജി നല്‍കിയത്.

യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാല്‍ ആണ് കൃത്യസമയത്ത് എത്താതിരുന്നത്. യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണ്.

സംസാരിച്ചത് സദുദ്ദേശ്യത്തോടെയാണ്. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധിയല്‍ക്കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

നവീന്‍ കുമാറിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗംഗാധരന്‍ എന്ന ഒരാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡിഎമ്മിനെതിരെ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ട്. അതിനാൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ദിവ്യ ഹര്‍ജിയില്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ദിവ്യയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

SCROLL FOR NEXT