നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ നേപ്പാളിൽ ഭരണമാറ്റം. സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്(സിപിഎൻ-യുഎംഎൽ) പിന്തുണ പിൻവലിക്കുകയും നേപ്പാളി കോൺഗ്രസുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിക്കുകയും ചെയ്തതോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. പ്രചണ്ഡ പരാജയപ്പെട്ടതോടെ നേപ്പാളി കോൺഗ്രസിൻ്റെ പിന്തുണയോടെ സിപിഎൻ-യുഎംഎൽ ചെയർമാൻ കെപി ശർമ ഒലി പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
2022 ഡിസംബർ മുതൽ ആരംഭിച്ച പ്രചണ്ഡയുടെ മൂന്നാം ഭരണകാലം മുതൽക്ക് തന്നെ സഖ്യകക്ഷികൾക്കിടയിൽ ഉയരുന്ന അഭിപ്രായ വ്യത്യാസം ഒരു സ്ഥിരകാഴ്ചയായി മാറിയിരുന്നു. കഴിഞ്ഞ നാല് തവണ വിശ്വാസവോട്ടെടുപ്പിൽ ജയിച്ചെങ്കിലും ഇത്തവണ പ്രചണ്ഡയ്ക്ക് കീഴടങ്ങേണ്ടി വന്നു. സ്പീക്കർ ദേവ് രാജ് ഖിമിർ പ്രചണ്ഡയുടെ തോൽവി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മറ്റു നേതാക്കൾ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ പോകുന്ന ശർമ ഒലിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
സിപിഎൻ-യുഎംഎൽ നേതാവ് ഒലിയും നേപ്പാളി കോൺഗ്രസ് മേധാവി ഷേർ ബഹാദൂർ ദേയുബയും സംയുക്തമായി പ്രസിഡൻ്റ് രാം ചന്ദ്ര പൗഡലിനെ കാണും. ഇരു പാർട്ടികളിലെയും എംപിമാരുടെ ഒപ്പുശേഖരണം നടത്തുകയും ഒലിയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇരു പാർട്ടികളും ചേർന്ന് 167 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോൾ ശർമ ഒലിക്ക് സഭയിലുള്ളത്. പുതിയ സർക്കാർ രൂപീകരിച്ച് 30 ദിവസത്തിനകം പാർലമെൻ്റിൽ വീണ്ടും വിശ്വാസവോട്ട് നേടണം.